ന്യൂഡല്‍ഹി> ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടക്കാനിരിക്കെ ജെ എന്‍ യു സര്‍വ്വകലാശാലയില്‍ വൈദ്യുതി വിച്ഛേദിച്ചു. ഇന്ന് രാത്രി ഒന്‍പത് മണിക്കായിരുന്നു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. അതേസമയം, ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്യാംപസില്‍ പ്രദര്ശനവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗേറ്റില്‍ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമെ ആളുകളെ അകത്തേയ്ക്ക് കടത്തിവിടുകയുള്ളൂ.
ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍ ഇന്നലെ മുന്നറിയിപ്പ് നോട്ടീസ് ഇറക്കിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സര്‍വ്വകലാശാലയിലെ സമാധാനവും ഐക്യവും നഷ്ടപ്പെട്ടേക്കാം എന്ന ന്യായീകരണമാണ് ജെഎന്‍യു അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസിലൂടെ നല്‍കിയിരുന്നത്.
അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.