റിയാദ്: സൗദി അറേബ്യയില്‍ പ്രൈമറി, നഴ്‍സറി ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. 2022 ജനുവരി 23 മുതല്‍ പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെത്തണമെന്ന് ഞായറാഴ്‍ച സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 18 മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിദ്യാര്‍ത്ഥികള്‍ സ്‍കൂളിലേക്ക് മടങ്ങുന്നത്. നിലവില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകളുള്ളത്. എന്നാല്‍ ജനുവരി 23 മുതല്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍, വിദേശ സ്‍കൂളുകള്‍ക്കും താരുമാനം ബാധകമാണ്. ആരോഗ്യ പ്രശ്‍നങ്ങള്‍ കാരണം സ്‍കൂളുകളില്‍ എത്താന്‍ സാധിക്കാത്തവരെ മാത്രമാണ് പുതിയ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാവുന്നതാണ്. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു കൊണ്ടുതന്നെ കുട്ടികളെ സ്വാഗതം ചെയ്യാന്‍ സ്‍കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പഠനം നടന്ന കഴിഞ്ഞ മാസങ്ങളില്‍ കുട്ടികളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയ രക്ഷിതാക്കളെ രണ്ട് മന്ത്രാലയങ്ങളും അഭിനന്ദിച്ചു. സ്‍കൂളുകളിലേക്ക് കുട്ടികളെ തിരികെ എത്തിക്കുന്ന കാര്യത്തിലും രക്ഷിതാക്കളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.