വംശനാശഭീഷണി നേരിടുന്ന ഒരു കഴുകനെ ടെക്‌സാസ് മൃഗശാലയിൽ ചത്ത നിലയിൽ കണ്ടെത്തി. കഴുകന്റെ ദേഹത്ത് സാധാരണമല്ലാത്ത രീതിയിൽ ഉള്ള മുറിവുകളും കണ്ടെത്തി. തിങ്കളാഴ്ച അധികൃതരാണ് ഈ വിവരം പുറത്ത് വിട്ടത്. കഴുകന് പരിക്കേറ്റതിന് ഒരാഴ്ച മുമ്പാണ് ഇവിടെ ഒരു മേഘപ്പുലിയെ കാണാതായത് എന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.
പൊലീസ് ഇക്കാര്യത്തിൽ അന്വേഷണത്തിന് തുടക്കമിട്ടു. വംശനാശ ഭീഷണി നേരിടുന്ന ഈ കഴുകന്മാർ ലോകത്തിലാകെയായി 6500 എണ്ണം മാത്രമാണ് ഉള്ളത്. കഴുകന്റെ നെക്രോപ്സി റിപ്പോർട്ടിൽ പറയുന്നത് വളരെ സംശയാസ്പദമാണ് കഴുകന്റെ മരണം എന്നാണ്. കഴുകന്റെ മരണം സ്വാഭാവിക കാരണങ്ങളാലല്ല എന്നാണ് മനസിലാകുന്നത് എന്ന് മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ, അന്വേഷണം നടക്കുന്നതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ മൃഗശാല പുറത്ത് വിട്ടിട്ടില്ല.
ഇത് മുമ്പ് മേഘപ്പുലിക്ക് സംഭവിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ, അത് തികച്ചും ക്രിമിനൽ പ്രവർത്തനമായി മാറുമെന്നും അതിന്റേതായ പ്രത്യാഘാതം ഉണ്ടാവുമെന്നും മൃഗശാലയുടെ പ്രസിഡന്റ് ഗ്രെഗ് ഹഡ്‌സൺ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ട് സംഭവവും ബന്ധപ്പെട്ട് കിടക്കുന്നുണ്ടെങ്കിൽ അത് അങ്ങേയറ്റം അപകടകരമാണ് എന്നും മൃഗശാലയ്ക്ക് അതിൽ ആശങ്കയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ മൃഗശാലയിൽ നടക്കുന്ന രണ്ടാമത്തെ സംശയാസ്പദമായ സംഭവമാണ് കഴുകന്റെ മരണം. അതുപോലെ തന്നെ ലംഗൂർ കുരങ്ങുകളുടെ കൂടുകളും പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത്രയധികം സംശയസ്പദമായ സംഭവങ്ങൾ നടന്നതോടെ മൃഗശാല അതിന്റെ സുരക്ഷാപ്രവർത്തനങ്ങൾ മൊത്തം വർധിപ്പിച്ചിട്ടുണ്ട്. ഒറ്റരാത്രി കൊണ്ട് സുരക്ഷാഗാർഡുകളുടെ എണ്ണം ഇരട്ടിയാക്കി. അതുപോലെ നൂറിലധികം ക്യാമറ മൃഗശാലയിലും പരിസരത്തും സ്ഥാപിച്ചു. ഇതിനെല്ലാം പുറമേ ഇവിടെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് എട്ട് ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും മൃഗശാല വ്യക്തമാക്കിയിട്ടുണ്ട്.
പിൻ എന്ന് പേരുള്ള ഈ കഴുകന് 35 വയസാണ് പ്രായം. കഴിഞ്ഞ 32 വർഷങ്ങളായി അത് ഈ മൃഗശാലയിലുണ്ട്.