ദില്ലി : രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 1,80,000 ആയി ഉയര്‍ന്നു. പ്രതിവാര കേസുകളില്‍ 500 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണിന്റെ തന്നെ വകഭേദമായ ബി. എ. 1 ഉം പടരുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രതിദിന കേസുകള്‍ 7635 ആയി. കേരളത്തിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ചെരിയ വര്‍ധന ഉണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 12895 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 6186 പേര്‍ക്ക് രോഗം കണ്ടെത്തി. 12 മരണം കൂടി സ്ഥിരീകരിച്ചു. ചെന്നൈയില്‍ 15.5% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7.9% ആണ് സംസ്ഥാനത്തെ ടിപിആര്‍. കഴിഞ്ഞ ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 761 വാഹനങ്ങള്‍ ചെന്നൈ പൊലീസ് പിടിച്ചെടുത്തു. ചെന്നൈ നഗരത്തില്‍ 434 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. അയ്യായിരത്തിലധികം പേര്‍ക്ക് പിഴ ചുമത്തിയെന്നും ചെന്നൈ ഗ്രേറ്റര്‍ പൊലീസ് അറിയിച്ചു. രാത്രികാല കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുകയാണ്
അതിനിടെ രാജ്യത്ത് കരുതല്‍ ഡോസിന്റെ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. അസുഖ ബാധിതരായ മുതിര്‍ന്ന പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കരുതല്‍ ഡോസ് ലഭിക്കുക.രണ്ടാം ഡോസ് എടുത്തു ഒമ്പത് മാസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ കരുതല്‍ ഡോസ് എടുക്കാന്‍ അര്‍ഹത ഉണ്ടാവൂ. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടക്കും. ദില്ലിയില്‍ റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തണമോയെന്നതില്‍ തീരുമാനമെടുക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും