കണ്ണൂര്‍ : മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിന്റെ ചവിട്ടേറ്റ കെ.ഷമീര്‍ എന്ന പൊന്നന്‍ ഷമീര്‍ മേലെ ചൊവ്വയിലെ പ്രത്യാശാഭവന്‍ പുനരധിവാസകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മുറിയുടെ പൂട്ടുപൊളിച്ച് മറ്റു രണ്ടുപേര്‍ക്കൊപ്പം കടന്നുകളയുകയായിരുന്നു. അമിതമദ്യപാനവും മാനസികപ്രശ്‌നങ്ങളും കാരണം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷമീര്‍ രക്ഷപ്പെട്ടത്. പ്രത്യാശാഭവന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച വൈകിട്ടാണ് ഷമീറിനെ റെയില്‍വേ പോലീസ് പ്രത്യാശാഭവനിലെത്തിച്ചത്. വീട്ടുകാര്‍ക്ക് വേണ്ടാത്ത അവസ്ഥയില്‍ മദ്യപാനചികിത്സയ്ക്കു കൂടിയാണ് ഇവിടെയെത്തിച്ചത്. എത്തുമ്പോള്‍ ശാന്തനായിരുന്ന ഇയാള്‍ പിന്നീട് അക്രമസ്വഭാവം കാണിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രത്യേക മുറിയിലാക്കി. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ജീവനക്കാര്‍ മുറിയില്‍ കണ്ടിരുന്നു.
ആംബുലന്‍സ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ ചികിത്സയിലുണ്ടായിരുന്നയാളും റെയില്‍വേ സ്റ്റേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ കേസില്‍ ചികിത്സയിലുണ്ടായിരുന്നയാളുമാണ് ഇയാളുടെ കൂടെ രക്ഷപ്പെട്ടത്. വളപ്പില്‍നിന്ന് കിട്ടിയ കമ്പിയുപയോഗിച്ചാണ് മുറിയുടെ പൂട്ട് തകര്‍ത്തത്. ശനിയാഴ്ച ഷമീര്‍ സഹോദരിയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മദ്യപിച്ച് ടിക്കറ്റില്ലാതെ ഞായറാഴ്ച മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ കയറിയപ്പോഴാണ് ഷമീറിന് പോലീസിന്റെ ചവിട്ടേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉറങ്ങുകയായിരുന്ന ഇയാളെ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് കണ്ണൂര്‍ റെയില്‍വേ പോലീസിന് കൈമാറി. വീട്ടുകാര്‍ സ്വീകരിക്കാത്തതിനാല്‍ ഇയാളെ പിന്നീട് പ്രത്യാശാഭവനിലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം, മോഷണമടക്കം എട്ടുകേസുകളില്‍ പൊന്നന്‍ ഷമീര്‍ പ്രതിയാണ്.