കൊല്ലം : കഴിഞ്ഞദിവസം തീവണ്ടിയില്‍ തമിഴ്നാട്ടില്‍നിന്ന് കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ വണ്ടികളിലെത്തിയ ഓരോ യാത്രികര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ള അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. തീവണ്ടിയില്‍ നിന്ന് രോഗം പകര്‍ന്നതാണോയെന്ന് ഉറപ്പില്ല. ആണെങ്കിലും അല്ലെങ്കിലും തീവണ്ടിയിലെ മറ്റു യാത്രികര്‍ക്ക് രോഗസാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളുന്നില്ല. രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയുണ്ടാക്കുന്നുണ്ട്. യു.എ.ഇ., ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തിയ ഒട്ടേറെപ്പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.