തിരുവനന്തപുരം ∙ കൗമാരക്കാര്‍ കൂടുതൽ ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. 79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർഥം ലഭിക്കുന്നത്. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡി–അഡിക്‌ഷൻ കേന്ദ്രങ്ങളിലും കൗൺസിലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസ്സില്‍ താഴെയുള്ളവരാണ്. 155 പേര്‍ കുറ്റാരോപിതരാണ്. 376 പേര്‍ വിമുക്തി ജില്ലാ ഡി അഡിക്‌ഷൻ കേന്ദ്രങ്ങളിലും, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കൗൺസിലിങ് സെന്‍ററുകളിലും ചികിത്സയ്ക്ക് എത്തിയവരാണ്. 69 പേര്‍ ഇരു വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു.
കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടവരോട് എക്സൈസ് ഉദ്യോഗസ്ഥരും, ചികിത്സയ്ക്ക് എത്തിയവരില്‍നിന്ന് മനഃശാസ്ത്ര വിദഗ്ധരുമാണ് വിവരം ശേഖരിച്ചത്. കുട്ടികളുടെ സ്വകാര്യത പൂര്‍ണമായി കാത്തുസൂക്ഷിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ
1) സർവേയിൽ പങ്കെടുത്തവരിൽ 97% പേർ ഒരു തവണയെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചവരാണ്.
2) ലഹരി ഉപയോഗങ്ങളിൽ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചു. നിലവില്‍ 77.16% പേരും പുകവലിയുള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5% പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്.
3) ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേര്‍. സ്വാധീനം മൂലം 72%, സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 51.5% പേരും ലഹരി ഉപയോഗിച്ചു.
4) 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66%, കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33%.
5) 79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളില്‍നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ 5%. സര്‍വേയുടെ ഭാഗമായവരില്‍ 38.16% പേര്‍ ലഹരി വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് കൈമാറിയിട്ടുള്ളവരാണ്.
6) പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് 70% പേർ ലഹരി ആദ്യമായി ഉപയോഗിച്ചത്. 15നും 19നും ഇടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20%. പത്തുവയസ്സിന് താഴെയുള്ള പ്രായത്തിലാണ് 9% ലഹരി ഉപയോഗം ആരംഭിച്ചത്.
7) 46% വ്യക്തികളും ലഹരി പദാർഥങ്ങൾ ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നവരാണ്.
8) 80% പേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20% പേര്‍ ലഹരി ഉപയോഗിക്കുന്നു. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ലഹരി ഉപയോഗിക്കുന്ന 35.16% പേരുമുണ്ട്.