ന്യൂഡൽഹി : അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളങ്ങളിൽ കരുനീക്കങ്ങളുമായി പാർട്ടികൾ സജീവമായി. നാലു സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയും പഞ്ചാബിൽ കോൺഗ്രസിന്റെ സാധ്യത തടയുകയും ലക്ഷ്യമിട്ട് ബി.ജെ.പി.യും 2024-ൽ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിന്റെ ചരട് കൈയിലുറപ്പിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസും രംഗത്തിറങ്ങി. കാർഷികനിയമങ്ങൾ പിൻവലിച്ചതിനുശേഷം രാജ്യത്തെ പ്രധാന കാർഷിക മേഖലകൾ വിധിയെഴുതുന്ന തിരഞ്ഞെടുപ്പ് മോദി സർക്കാരിന്റെ നയങ്ങളുടെ ഹിതപരിശോധന കൂടിയാകും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായിരിക്കും അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തുകൾ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തേണ്ടത് ബി.ജെ.പി.യുടെ അഭിമാനപ്രശ്നമാണ്.
വിജയപ്രതീക്ഷയില്ലാത്ത പഞ്ചാബിൽ കോൺഗ്രസിനെ ഭരണത്തിൽനിന്ന് താഴെയിറക്കുന്നതിനായിരിക്കും ശ്രമം. ഉത്തർപ്രദേശ് ഒഴികെയുള്ള നാലുസംസ്ഥാനങ്ങളിലും ബി.ജെ.പി.യും കോൺഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ഇരുമുന്നണികൾക്കും ഫെബ്രുവരി 10, 14 തീയതികളിൽ നടക്കുന്ന ആദ്യ രണ്ടുഘട്ടം വോട്ടെടുപ്പുകൾ നിർണായകമാണ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ഉത്തർപ്രദേശിലെ പടിഞ്ഞാറൻ യു.പി.യും ആദ്യ രണ്ടുഘട്ടങ്ങളിലാണ് വിധിയെഴുതുന്നത്. കാർഷികനിയമങ്ങളെച്ചൊല്ലി വലിയ പ്രതിഷേധമുയർന്ന മേഖലകളിലാണ് ആദ്യഘട്ടങ്ങളിൽ വോട്ടെടുപ്പ്. പടിഞ്ഞാറൻ യു.പി.യിൽ കർഷകസമരവും അതിന്റെ തുടർചലനങ്ങളും ശക്തമാണ്. അതിനാൽ ഈ മേഖലയിലെ ബലപരീക്ഷണം ബി.ജെ.പി.ക്കും സമാജ്വാദി, ആർ.എൽ.ഡി., ബി.എസ്.പി., കോൺഗ്രസ് പാർട്ടികൾക്കും നെഞ്ചിടിപ്പേറ്റുന്നതാണ്. പടിഞ്ഞാറൻ യു.പി.യുടെ രാഷ്ട്രീയം ബാക്കിയുള്ള അഞ്ചുഘട്ടം വോട്ടെടുപ്പിനെ സ്വാധീനിക്കുമോയെന്നതാണ് മുന്നണികളുടെ മുന്നിലെ വെല്ലുവിളി.
പ്രതിപക്ഷനിരയിൽ മേധാവിത്വ തർക്കം ഉയരുന്നതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ബംഗാളിലെ ഹാട്രിക് വിജയത്തിനുശേഷം മമതാ ബാനർജി ദേശീയരാഷ്ട്രീയം ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് രഹിത പ്രതിപക്ഷം എന്ന മുദ്രാവാക്യമുയർത്തിയാണ് മമതയുടെ നീക്കം. പ്രതിപക്ഷനിരയിൽ കരുത്തുറപ്പിക്കാൻ ആം ആദ്മി പാർട്ടിയും തക്കംപാർക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ കടിഞ്ഞാൺ കൈയിലുണ്ടെന്ന് ഉറപ്പിക്കണമെങ്കിൽ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കണം. മറിച്ചാണെങ്കിൽ പ്രതിപക്ഷനിരയിൽ പ്രാദേശിക പാർട്ടികൾ കാര്യങ്ങൾ നിശ്ചയിക്കും. കോൺഗ്രസിനുള്ളിൽ രൂപംകൊണ്ടിരിക്കുന്ന പടലപ്പിണക്കങ്ങളുടെ ഭാവിയും ഈ ജനവിധികൾ തീരുമാനിക്കും.