തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതര ഭക്ഷ്യ വിഷബാധ ഉണ്ടായാൽ കേസ് എടുക്കാൻ പോലും തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ – ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ കഴിഞ്ഞിട്ടില്ല. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല എന്നത് നീതി വൈകുന്നതിന്റെ നേർ സാക്ഷ്യമാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചെറുവത്തൂരിലെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച മാധ്യമപ്രവർത്തക ശരണ്യ ചാരുവിന് ഭക്ഷ്യവിഷബാധയേറ്റത്. കുടലിൽ പഴുപ്പായി മൂന്നാഴ്ച ആശുപത്രി കിടക്കയിൽ.ഷവർമ കഴിച്ചുള്ള ഭക്ഷ്യവിഷബാധയാണെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി. പക്ഷെ സമയത്ത് ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥർ ഉഴപ്പിയതോടെ കേസ് ആവിയായി
ചികിത്സിക്കുന്ന ഡോക്ടർ ഉറപ്പിച്ചാലും തദ്ദേശ, ആരോഗ്യ വകുപ്പുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ നേരിട്ട് കണ്ടെത്തിയാലും, ഭക്ഷ്യവിഷബാധ കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ എന്താണ് തടസ്സം? നിയമത്തിൽ അധികാരമിരിക്കുന്നത് ഫുഡ് സേഫ്റ്റി ഓഫീസറുടെ കൈയിലാണ്. പ്രോസിക്യൂഷൻ നടപടിയിലെത്തണമെങ്കിൽ സമയത്ത് സാംപിളെടുത്ത്, അംഗീകൃത ലാബിൽ പരിശോധിച്ച് ഭക്ഷണം സുരക്ഷിതമല്ലെന്ന് തെളിയിക്കാനാവണം. ഫുഡ് സേഫ്റ്റി ഓഫീസറെത്താൻ വൈകിയാൽപ്പോലും സാംപിൾ പഴകും, റിസൾട്ട് മാറും, കേസ് പാളും. ഒരു നിയോജക മണ്ഡലത്തിൽ ആകെയുള്ള ഒരു ഫുഡ് സേഫ്റ്റി ഓഫീസർക്ക് സമയത്ത് ഓടിയെത്താനുമാകില്ല. ഇതൊക്കെ തെളിയിക്കേണ്ട സർക്കാർ ലാബുകൾക്ക് നിയമം ആവശ്യപ്പെടുന്ന അംഗീകാരവുമില്ല.
ഇനി സംസ്ഥാനം ഞെട്ടിയ ചെറുവത്തൂരിലെ പ്ലസ്ടു വിദ്യാർത്ഥി ദേവനന്ദയുടെ മരണത്തിൽ എടുത്ത കേസിന്റെ ഗതിയെന്തായെന്ന് കാണുക.അമ്മയെയും കൂട്ടുകാരെയും വിട്ട് ദേവനന്ദ പോയിട്ട് എട്ടു മാസം കഴിഞ്ഞു. നാടുനീളെ അന്വേഷണവും ഷവർമ്മക്കട പൂട്ടിക്കലുമൊക്കെയുള്ള പരിപാടികളൊക്കെ ആഴ്ചകൾക്കുള്ളിൽ തന്നെ അവസാനിച്ചു. പതിനാറുകാരിയുടെ മരണം സംബന്ധിച്ചുള്ള രാസപരിശോധന ഫലം ഇതുവരെ കോഴിക്കോട് റീജിയണൽ ലാബിൽ നിന്നും കിട്ടിയിട്ടില്ലത്രേ. പരിശോധന ഫലം ചേർക്കാതെയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഭക്ഷ്യസുരക്ഷ്യ വിഭാഗം അന്വേഷണ റിപോർട്ട് സമർപ്പിച്ചതാകട്ടെ കഴിഞ്ഞ ആഴ്ചയും.മകളുടെ ഓർമ്മയിൽ ഹൃദയം നുറുങ്ങി കഴിയുന്ന പ്രസന്നയ്ക്ക് കേസിൽ നീതി അകലെയാകുന്നത് സഹിക്കാനാകുന്നില്ല.
2015 മുതലുള്ള 1500 കേസുകളിൽ ഒരെണ്ണത്തിൽ പോലും വിചാരണ പൂർത്തിയാക്കി വിധിപഞ്ഞിട്ടില്ല.ഭക്ഷ്യവിഷബാധ മൂലം ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടായാൽ കുറ്റക്കാർക്ക് 6 വർഷം വരെ തടവും, 5 ലക്ഷം രൂപ വരെ പിഴയും ലഭിച്ചെനെ. ഭക്ഷ്യവിഷബാധയിൽ മരണം സംഭവിച്ചാൽ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതികൾ വേണമെന്ന നിയമം നടപ്പായിട്ടില്ല. സാദാ കോടതികളിൽ മറ്റ് കേസുകൾക്കൊപ്പം കെട്ടിക്കിടക്കുകയാണ് ഭക്ഷ്യ സുരക്ഷാ കേസുകളും.