കൊല്ലം : പുനലൂർ താലൂക്കിലെ കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴയുടെ കരയിൽ ഭഗവാൻ ബാലക ഭാവത്തിൽ അരുളുന്ന കൊല്ലം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് പ്രധാന ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യത്തേതും കുളത്തൂപ്പുഴയാണ്. പിന്നീടുള്ളത് ആര്യങ്കാവ്, അച്ചൻകോവിൽ , ശബരിമല കാന്തമല എന്നിവയാണ്. മണ്ഡലകാല ആരംഭം മുതൽ ഇവിടെ തീർത്ഥാടകരുടെ തിരക്ക് വർധിക്കും. മലയാളമാസം ഒന്നാം തീയതിയും ബുധൻ, ശനി ദിവസങ്ങളിലും ക്ഷേത്രത്തിൽ ദർശനത്തിനായി വൻതോതിൽ ഭക്തർ എത്തിച്ചേരും. പുഷ്പാഭിഷേകം, നീരാഞ്‌ജനം, എള്ള് പായസം, അരവണ എന്നിവയാണ് പ്രധാന വഴിപാടുകൾ. ഗർഭഗൃഹത്തിൽ പിതാവായ ശിവനും നാലമ്പലത്തിൽ ഗണപതിയും നാലമ്പലത്തിന് പുറത്തായി ദേവി, നാഗരാജാവ്, യക്ഷി , ഗന്ധർവ്വൻ തുടങ്ങിയ പ്രതിഷ്ഠകളും ഉണ്ട്. മേടത്തിലെ വിഷുവിനാണ് ഇവിടെ ഉത്സവം. രാവിലെയും വൈകിട്ടും പള്ളി ഉണർത്തൽ നടത്തുന്ന വിശേഷപ്പെട്ട ചടങ്ങുകൂടി ആചരിക്കുന്ന ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രം.
ക്ഷേത്രത്തിന് മുൻവശത്തെ കുളത്തൂപ്പുഴയാറ്റിലെ മീനുകളെ തിരുമക്കൾ എന്ന സ്ഥാനം നൽകി മീനൂട്ട് എന്ന ചടങ്ങും നടത്തിവരുന്നു. ശരീരത്തിലെ തൊലിപ്പുറത്ത് വരുന്ന രോഗങ്ങൾ ഭേദമാകുന്നതിനും ഭേദമായതിനുമുള്ള നേർച്ചയുമായാണ് മീനൂട്ട് നടത്തുന്നത്. റിസർവ്വ് ഫോറസ്റ്റിൽ ഉൾപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. വനത്തിന്റെ വളരെ ശാന്തമായ അന്തരീക്ഷം ഇവിടെയെത്തുന്ന ഭക്തര്‍ക്ക് മനസ്സിന് കുളിര്‍മ്മയും ഏകാഗ്രതയും നല്‍കുന്നു.