തിരുവനന്തപുരം∙ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടാം പ്രതി സ്റ്റാൻലി ജോണിന് (63) ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ രാവിലെ 9നും 11നും ഇടയിൽ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. ജാമ്യത്തിനായി 50,000 രൂപ കെട്ടിവയ്ക്കണമെന്നും അല്ലെങ്കിൽ രണ്ട് ജാമ്യക്കാർ വേണമെന്നും കോടതി നിർദേശിച്ചു.
കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ മകനുമായ സിബി ജോണിന്റ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നും, നാലും പ്രതികളായ ശ്യാം ലാൽ, പ്രേംകുമാർ എന്നീ പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ടൈറ്റാനിയത്തിൽ ജോലി വാങ്ങി തരാമെന്നു പറഞ്ഞ് ആറു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. പൂജപ്പുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.