തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010ൽ നിലവിൽ വന്നശേഷം ആറാം തവണയാണ് വർധിപ്പിക്കുന്നത്. ന്യായവില 20% വർധിക്കാനാണ് നിർദേശം. 2010ലെ ന്യായവില 2014ൽ 50 ശതമാനം വർധിപ്പിച്ചു. പിന്നീട് 10 ശതമാനം വീതം പല ഘട്ടങ്ങളിലായി വർധിപ്പിച്ചു. കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചത് 10%. 2010ലെ വിലയുടെ 220% ആണ് ഇപ്പോഴത്തെ ന്യായവില. അതിലാണ് 20% വർധിപ്പിച്ചത്. പുതിയ പരിഷ്കരണത്തോടെ ഭൂമിയുടെ ന്യായവില 2010ലെ അടിസ്ഥാന വിലയുടെ 264% ആയി.
2010ൽ നിശ്ചയിച്ച വിലയുമായി മാത്രമേ ബജറ്റിലെ പരിഷ്കരണത്തിനു ബന്ധമുള്ളൂ. മാർക്കറ്റ് വിലയുമായി ബന്ധമില്ല. ന്യായവില വിപണിവിലയുടെ 50 ശതമാനമെങ്കിലും വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും ഈ വിലയിൽ എത്തിക്കാൻ കഴിയില്ല. വിപണിവില എപ്പോഴും കൂടി നിൽക്കും. 60–70% ഇടപാടുകളിലും ഭൂമിയുടെ യഥാർഥവില കാണിക്കാറില്ല. ന്യായവിലയുടെ അടിസ്ഥാനത്തിലാണ് സ്റ്റാംപ് ഡ്യൂട്ടി വരുമാനം നിശ്ചയിക്കുന്നത്. ന്യായവിലയിൽ വർധന വന്നാലേ സർക്കാരിനു വരുമാനം ലഭിക്കൂ.
വൻകിട പദ്ധതികൾ വരുന്ന സ്ഥലങ്ങളിൽ ഭൂമി വില വളരെ കൂടുതലായിരിക്കും. സെന്റിന് ശരാശി 4–5 ലക്ഷം രൂപ കൊടുക്കേണ്ടിവരും. എന്നാൽ, സർക്കാർ രേഖകളിൽ പദ്ധതി തുടങ്ങുന്നതിനു മുൻപുള്ള വിലയായിരിക്കും. ഇതിനാലാണ് വിവിധ കാരണങ്ങളാല്‍ വിപണി മൂല്യം വർധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30%വരെ വർധിപ്പിക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ ലഭിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും സ്റ്റാംപ്ഡ്യൂട്ടി 5 ശതമാനത്തിൽനിന്ന് 7 ശതമാനമാക്കി.
500 രൂപയായിരുന്നു ഡ്യൂട്ടിയെങ്കിൽ ഇനി 700 രൂപയാകും. ആധാരം റജിസ്റ്റർ ചെയ്ത് 3 മാസത്തിനകമോ 6 മാസത്തിനകമോ നടത്തുന്ന തീറാധാരങ്ങൾക്ക് നിലവിലുള്ള അധിക സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി. റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിനായിരുന്നു അധിക ഡ്യൂട്ടി ഈടാക്കിയിരുന്നത്. ഇളവുകളിലൂടെ കൂടുതൽ ഇടപാടുകൾ നടക്കുമ്പോൾ സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ സർക്കാർ കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നു.