പതിവായി പിസ്ത കഴിക്കുന്നത് കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നു പഠനം. യുഎസിലെ ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ ഫുഡ് ഡാറ്റ സെൻട്രലിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒരു ഔൺസ് പിസ്തയിൽ 163 കാലറി, 5 ഗ്രാം പ്രോട്ടീൻ, 13 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. ഇത്രയും കൊഴുപ്പും കാലറിയും കഴിച്ചാൽ എങ്ങനെ ഭാരം കുറയും എന്നാണോ? പിസ്തയിലടങ്ങിയ കാലറിയും കൊഴുപ്പും ശരീരത്തിനാവശ്യമുള്ളവയാണ്. പിസ്തയിൽ ആരോഗ്യകരമായ അപൂരിതകൊഴുപ്പ് ആണ് ഉള്ളത്. കാലറിയോടൊപ്പം പ്രോട്ടീനും ഫൈബറും പിസ്തയിലുണ്ട്.
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, അരവണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറച്ച് കുടവയർ കുറയ്ക്കാനും പിസ്ത സഹായിക്കുമെന്ന് പഠനം പറയുന്നു. പഠനത്തിനായി ആളുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. പിസ്ത അടങ്ങിയ ഭക്ഷണവും പിസ്ത ഇല്ലാത്ത ഭക്ഷണവും രണ്ടു കൂട്ടർക്കും നൽകി. പിസ്ത ഗ്രൂപ്പിലുള്ളവരുടെ അരവണ്ണം കൺട്രോൾ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് കുറഞ്ഞതായി കണ്ടു. ഇതു മാത്രമല്ല, ആകെ കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കുറഞ്ഞു. കൂടാതെ അഡിപ്പോനെക്റ്റിൻ ലെവൽ കൂടുകയും ചെയ്തു.
പിസ്തയുടെ ആരോഗ്യ ഗുണങ്ങൾ
∙പിസ്തയിൽ ഫൈബർ (നാരുകൾ) ധാരാളമുണ്ട്. ഇത് ഏറെനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ഈ ഫൈബറിൽ ഉദരാരോഗ്യമേകുന്ന നല്ല ബാക്ടീരിയകളും ഉണ്ട്.
∙ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, അപൂരിതകൊഴുപ്പ് ഇവ പിസ്തയിൽ ധാരാളമുണ്ട്. ഇത് ശരീരത്തിലെ രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ ഇവ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.
∙ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
∙രക്തത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും (ഗ്ലൈസെമിക് ഇൻഡക്സ്) അളവ് കുറയ്ക്കാൻ പിസ്ത സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തക്കുഴലുകളുടെ വഴക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
∙പോഷകപ്രദമായ പിസ്ത ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.