കോഴിക്കോട് : മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് തീരുമാനിച്ച അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കുന്നതിനൊപ്പം വഖഫ് വിഷയത്തിലെ തുടര്‍ പ്രക്ഷോഭവും സമസ്തയുമായുള്ള ബന്ധവും യോഗത്തില്‍ ചര്‍ച്ചയാകും. കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പ്രഖ്യാപിക്കുകയാണ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സമസ്തയുമായുള്ള ഭിന്നത യോഗം പ്രധാനമായും ചര്‍ച്ച ചെയ്യും. വഖഫ് വിഷയത്തിലെ രണ്ടാം ഘട്ട പ്രക്ഷോഭത്തില്‍ സമസ്തയുടെ പിന്തുണയുറപ്പിക്കാന്‍ ലീഗ് ശ്രമിക്കുന്നുണ്ട്. കൂടുതല്‍ പ്രക്ഷോഭ പരിപാടികളും ഇന്നത്തെ യോഗത്തില്‍ ആസൂത്രണം ചെയ്യും.
ഗുരുതര പ്രശ്‌നങ്ങളുണ്ടായ മണ്ഡലങ്ങളില്‍ നേതൃമാറ്റമുണ്ടാകും. വീഴ്ചയുണ്ടായെന്ന് അന്വേഷണ കമ്മിഷന്‍ വിലയിരുത്തിയ കോഴിക്കോട് സൗത്ത്,കുറ്റ്യാടി മണ്ഡലങ്ങളില്‍ ഭാരവാഹികളെ മാറ്റുമെന്നാണ് സൂചന. കുറ്റ്യാടി, അഴീക്കോട്, കോഴിക്കോട് സൗത്ത്, കളമശ്ശേരി എന്നീ നാല് സിറ്റിങ് സീറ്റുകളാണ് ലീഗിന് നഷ്ടമായത്.വിജയിക്കുമെന്ന് പ്രതീക്ഷിച്ച താനൂരില്‍ അപ്രതീക്ഷിത തിരിച്ചടിയും നേരിട്ടു. തോല്‍വി പഠിക്കാന്‍ 12 അന്വേഷണ കമ്മിഷനുകളെയാണ് ലീഗ് നിയോഗിച്ചത്.