വീടിന് മേക്കോവർ വരുത്തുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഓരോരുത്തരുടെയും വീടിനെ കുറിച്ചുള്ള സങ്കൽപങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെ ഒരാൾ തന്റെ വീട്ടിന് ഒരു മിലിറ്ററി ലുക്ക് വരുത്താനാണ് ആഗ്രഹിച്ചത്. എന്നാൽ, അതിന്റെ പേരിൽ വലിയൊരു അപകടത്തിന്റെ വക്കോളം എത്തുകയും ചെയ്തു ആൾ.
വീട്ടിന് മിലിറ്ററി ലുക്ക് കിട്ടാനായി നിരവധി ഗ്രനേഡുകളാണ് അയാൾ ഒരുക്കിയത്. എന്നാൽ, അയാൾ വീട്ടിൽ വച്ചതിൽ പൊട്ടിത്തെറിക്കാൻ പാകത്തിനുള്ള ഗ്രനേഡുകൾ കൂടിയുണ്ട് എന്ന് മനസിലാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കോൺവാളിലെ സമ്മർകോർട്ടിൽ നിന്നുള്ളയാളാണ് ഇത്തരത്തിൽ ഗ്രനേഡ് വച്ച് വീട് അലങ്കരിച്ചത്. എന്നാൽ, പൊലീസ് ഇത് കണ്ടെത്തിയില്ലായിരുന്നു എങ്കിൽ അയാളുടെ തൊട്ടടുത്തുള്ള പകുതി പ്രദേശവും ഇല്ലാതായിപ്പോയേനെ എന്നാണ് പറയുന്നത്.
ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം പൊലീസ് അറിയുകയായിരുന്നു. വീട്ടിൽ ഒരു പതിവ് സന്ദർശനത്തിനെത്തിയതായിരുന്നു പൊലീസ്. അപ്പോഴാണ് വീട് ഗ്രനേഡ് വച്ച് അലങ്കരിച്ചിരിക്കുന്നത് കണ്ടത്. ഏതെങ്കിലും തരത്തിൽ അയൽക്കാർക്ക് ബുദ്ധിമുട്ടാകണം എന്ന് വീട്ടുടമ കരുതിയിരുന്നില്ല. താൻ അത് പ്രവർത്തനക്ഷമമായ ഗ്രനേഡാണ് എന്ന് അറിയാതെയാണ് അലങ്കാരത്തിന് ഉപയോഗിച്ചത് എന്ന് ഇയാൾ വെളിപ്പെടുത്തി.
പൊലീസ് ഉടനെ തന്നെ ബോംബ് സ്ക്വാഡിനെ വിളിച്ചു. ശേഷം പെട്ടെന്ന് തന്നെ അവിടെ നിന്നും ഗ്രനേഡ് നീക്കം ചെയ്തുവെന്ന് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ മെട്രോ റിപ്പോർട്ട് ചെയ്തു. ഗ്രനേഡ് നീക്കം ചെയ്യുന്നതിനായി സമീപത്തെ റോഡ് അടയ്‍ക്കുകയും അടുത്തുള്ള ഒരു വീട് ഒഴിപ്പിക്കുകയും ചെയ്തു.
ഏതായാലും വീട്ടുടമ ഗ്രനേഡുകൾ പ്രവർത്തനക്ഷമമാണ് എന്ന് അറിയാതെയാണ് വീട് അലങ്കരിക്കുന്നതിന് വേണ്ടി അവ കൊണ്ടുവന്ന് വച്ചത് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അതിനാൽ തന്നെ ഇയാൾക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല.