ദില്ലി: ജാമിയ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു. 2019 ലെ ജാമിയ സംഘർഷ കേസിലാണ് ദില്ലി കോടതി ഇരുവരെയും വെറുതെവിട്ടത്. ഈ കേസിൽ വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപത്തിന്‍റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ് വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമം.
നവംബർ 22 നാണ് ആക്ടിവിസ്റ്റായ ഉമർ ഖാലിദ്, വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ദില്ലി പൊലീസ് 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ദില്ലിയിലെ പൗരത്വപ്രക്ഷോഭങ്ങളുടെ ആസൂത്രകൻ ഷർജീലാണെന്നാണ് പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ജനുവരി 16-ന് ഷർജീൽ നടത്തിയ ഒരു പ്രസംഗമാണ് അയാളുടെ പേർക്കുള്ള കേസുകൾക്ക് പ്രധാന ആധാരം. ആ പ്രസംഗത്തിന്‍റേത് എന്നപേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഷർജീൽ, ‘മുസ്ലിങ്ങൾക്ക് അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിൽ, അത് രാജ്യത്തിന്‍റെ ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുഡി കോറിഡോറിൽ സംഘടിപ്പിച്ച്, നോർത്ത് ഈസ്റ്റ് ഇന്ത്യയെ കുറച്ചു ദിവസത്തേക്കെങ്കിലും കട്ട് ഓഫ് ചെയ്യണം’ എന്ന് ആഹ്വാനം ചെയ്യുന്നുണ്ട്.
ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയ ശേഷം ഷർജീൽ ഇമാം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെഎൻയുവിൽ ചേരുകയായിരുന്നു.