തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച 2023 24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ, ഗതാഗത മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. പുതിയ വാഹനം വാങ്ങുന്നവർക്കും ഇനി സ്വന്തമായി വാഹനം ഉള്ളവർക്കും അതല്ല, മറ്റ് പൊതു ഗതാഗതം ഉപയോഗിക്കുന്നവർക്കുമെല്ലാം ബജറ്റ് ഇരുട്ടടി നൽകി. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന വസ്തുത നില നിന്നിരുന്നെങ്കിലും ധനമന്ത്രി ഇന്ധന വിലയെ സ്പർശിക്കില്ലെന്ന നിഗമനത്തിലായിരുന്നു സംസ്ഥാനം. എന്നാൽ പ്രതീക്ഷയെ അസ്ഥാനത്താക്കിക്കൊണ്ട് ധനമന്ത്രി ഇന്നലെ ഇന്ധന വില സെസ് വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് സെസ് വർദ്ധിപ്പിച്ചത്. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വർധിക്കും. ഇത് സാധാരണക്കാർക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുക.
പുതിയ വാഹനം വാങ്ങാൻ ആലോചിക്കുന്നവർക്കും ബജറ്റ് തിരിച്ചടി നൽകി. വാഹനങ്ങളുടെ വിലയിലും നികുതിയിലും വർധനവുണ്ട്. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വർദ്ധനവുണ്ട്. മാത്രമല്ല പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വ്വീസ് വാഹനങ്ങളുടെയും നിരക്കിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വില അനുസരിച്ചുള്ള നികുതി ഇങ്ങനെയാണ്;
- 5 ലക്ഷം വരെ വിലയുള്ള വാഹനം – 1 ശതമാനം വര്‍ദ്ധനവ്
- 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2 ശതമാനം വര്‍ദ്ധനവ്
- 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1 ശതമാനം വര്‍ദ്ധനവ്
- 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1 ശതമാനം വര്‍ദ്ധനവ്
- 30 ലക്ഷത്തിന് മുകളില്‍ – 1 ശതമാനം വര്‍ദ്ധനവ്
അതേസമയം ഇലക്ട്രിക്ക് വാഹനം വാങ്ങാൻ എത്തുന്നവർക്ക് നേരിയ ആശ്വാസമുണ്ടാകും. സാധാരണയായി നിലവിൽ പുതുതായി ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ വാഹനവിലയുടെ 6 ശതമാനം മുതല്‍ 20 ശതമാനം വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കുന്നത്. പുതിയ ബജറ്റ് പ്രകാരം ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി, അതായത് അഞ്ച് ശതമാനമായി കുറച്ചു. അണ്‍ എയ്ഡഡ് മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കൂള്‍ ബസ്സുകളുടെ നികുതി സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളുടെ നികുതിയ്ക്ക് തുല്യമാക്കിയതായും പ്രഖ്യാപനത്തിലുണ്ട്
ബജറ്റിൽ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് വർധിപ്പിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു. വർധിപ്പിച്ച തുകകൾ.
- ഹെവി മോട്ടോര്‍ വാഹനം – 500 രൂപ
- ഇരുചക്രവാഹനം – 100 രൂപ
- ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ – 200 രൂപ
- മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ