മൃഗശാലയിലെ മൃഗങ്ങളെ കൊന്ന് ക്രിസ്മസ് ആഘോഷത്തിൽ അതിഥികൾക്ക് വിളമ്പിയ മൃഗശാല ഡയറക്ടർക്കെതിരെ കേസ്. തെക്കൻ മെക്‌സിക്കോ മൃഗശാലയിലെ മുൻ ഡയറക്ടർ ആയ ജോസ് റൂബൻ നവയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗശാലയിലെ നാല് പിഗ്മി ആടുകളെയാണ് ഇയാൾ ക്രിസ്മസ് ആഘോഷങ്ങൾക്കായി കൊലപ്പെടുത്തിയത്.
മൃഗശാലയിലെ ഒരു മാൻ ചത്തതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് സ്ഥലം മാറ്റിയ ഇയാൾ നിലവിൽ ചില്‌പാൻസിംഗ് നഗരത്തിലെ മൃഗശാലയുടെ ഡയറക്ടറാണ്. ജനുവരി 12 -നാണ് തെക്കൻ മെക്സിക്കോയിലെ മൃഗശാലയിൽ നിന്നും ഇയാളെ സ്ഥലം മാറ്റിയത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി ആടുകളെ കൊലപ്പെടുത്തിയത് കൂടാതെയും നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് മൃഗശാലയുടെ ശേഖരത്തിൽ ഉള്ള ചില മൃഗങ്ങളെ വിൽക്കാനും കൊലപ്പെടുത്തി പാചകം ചെയ്ത് ഭക്ഷിക്കാനും ഒക്കെ ഇയാൾ ഒത്താശ ചെയ്തിരുന്നു.
കഴിഞ്ഞ ക്രിസ്മസ്- വർഷാവസാന ആഘോഷങ്ങളോടും അനുബന്ധിച്ചാണ് ഇയാൾ മൃഗശാലയിലെ 4 പിഗ്മി ആടുകളെ കൊലപ്പെടുത്തിയത്. മൃഗശാലയുടെ പരിസരത്ത് വെച്ച് തന്നെയാണ് ഇവയെ കൊലപ്പെടുത്തുകയും പാചകം ചെയ്യുകയും ചെയ്തത്. തുടർന്ന് അത് ആഘോഷവേളയിൽ അതിഥികൾക്കായി വിളമ്പുകയായിരുന്നു. എന്നാൽ, ഇത് കഴിച്ച ആളുകളുടെ ആരോഗ്യസ്ഥിതി അതോടെ മോശമായി. കാരണം പിഗ്മി ആടുകളുടെ മാംസം ഭക്ഷ്യയോഗ്യമല്ല.
മൃഗശാലയിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ എന്ന വ്യാജേന ഒരു സീബ്രയെ ഇയാൾ കച്ചവടം ചെയ്തിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അത്തരത്തിൽ ഒരു ഉപകരണവും മൃഗശാലയിൽ കണ്ടെത്തിയില്ല. ഇതുകൂടാതെ മാനുകളെയും ചില പശുക്കളെയും കൃത്യമായ കണക്കില്ലാതെ സ്വകാര്യ വ്യക്തികൾക്ക് ഇയാൾ കച്ചവടം ചെയ്തതായി അധികൃതർ പറഞ്ഞു.
മെക്സിക്കോയിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി വന്യമൃഗങ്ങളെ സ്വന്തമാക്കുന്ന സംഭവങ്ങൾ ഇപ്പോൾ കൂടി വരികയാണ്. വന്യജീവികളെ അനധികൃതമായി കടത്തുന്നതിന്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും ഒരു കേന്ദ്രമായി മെക്സിക്കോ നഗരം മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന് കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.