കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്നത് കള്ളക്കഥയെന്ന് വാദം. പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ അന്വേഷണം നടത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നു ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ദിലീപിന്റെ ഡ്രൈവര്‍ അപ്പു, ചെങ്ങമനാട് സ്വദേശിയായ ബൈജു എന്നിവരും പേരറിയാത്ത ഒരാളും അടക്കം 6 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
വധഭീഷണി മുഴക്കിയതിനും അതിനായി ഗൂഢാലോചന നടത്തിയതിനുമാണു കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം.ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെയും സഹോദരന്‍ അനൂപ് അടക്കമുള്ള മറ്റു പ്രതികളുടെയും സംഭാഷണങ്ങളുടെ ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.