ദില്ലി: ത്രിപുരയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബി ജെ പി.പ്രധാനമന്ത്രിയടക്കം വൻ സംഘം പ്രചാരണത്തിനായി ത്രിപുരയിലെത്തും.13ന് മോദിയുടെ റാലി ആറിടങ്ങളില്‍ നടത്തും.അമിത് ഷാ, ജെ പി നദ്ദ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവർ ത്രിപുരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തും.BJP ക്ക് 2018 നേക്കാൾ കൂടുതൽ ജനപിന്തുണയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് കിട്ടുമെന്നും മണിക്ക് സാഹ പ്രതീക്ഷ പ്രകടിപ്പിച്ചു.ത്രിപുരയിലേത് ഡബിൾ എൻജിൻ സർക്കാരാണ്..സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നത്. കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന 35 റാലികൾ വരും ദിനങ്ങളിൽ ബിജെപി സംഘടിപ്പിക്കും. സിപിഎമ്മിനൊപ്പം സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ്, 13 സീറ്റെന്ന ധാരണ തെറ്റിച്ച് 4 മണ്ഡലങ്ങളിൽകൂടി നാമനിർദേശ പത്രിക നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച സിപിഎം 13 സീറ്റുകളിൽ സ്വതന്ത്രസ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. 28 സീററുകളില് മത്സരിക്കുന്ന തൃണമൂല് കോൺഗ്രസും. ഗോത്ര മേഖലകളിലെ നിർണായക ശക്തിയായ തിപ്രമോത പാർട്ടിയും ചിലയിടങ്ങളിൽ ചതുഷ്ക്കോണ മത്സരത്തിന് വഴിയൊരുക്കുകയാണ്. ആകെ 259 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മേഘാലയയിൽ 60 സീറ്റിലും തനിച്ചു മത്സരിക്കുകയാണ് ബിജെപി. മുൻ വിഘടനവാദി സംഘടനാ നേതാവും നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായ ബെർണാഡ് മാരക്കിനെയാണ് മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്കെതിരെ സൗത്ത് തുറയിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. നാഗാലൻഡിൽ എൻഡിപിപിക്കൊപ്പം സഖ്യമായി മത്സരിക്കുന്ന ബിജെപി 20 സീറ്റുകളിൽ ഒതുങ്ങാൻ സമ്മതിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടുമെന്നും ജാവദേക്കർ കൊച്ചിയിൽ പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച ജാവദേക്കർ, സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും വിമർശിച്ചു.