ന്യൂഡൽഹി: കടം വീട്ടാത്തതിന്റെ പേരിൽ 40കാരനെ തട്ടിക്കൊണ്ടുപോയതിന് കശ്മീർ സ്വദേശികളായ രണ്ട് പേരെ പഞ്ചാബ്, ഹരിയാന പൊലീസിന്റെ സഹായത്തോടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 55 ലക്ഷം രൂപയുടെ കടം വീട്ടാൻ കഴിയാത്ത സാഹചര്യത്തിലാണ് നിഷാർ അഹമ്മദ്, ഇംതിയാസ് അഹമ്മദ് എന്നിവർ ചേർന്ന് ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയത്.
ടാക്‌സിയിൽ ഒരാളെ ബലമായി തട്ടിക്കൊണ്ടുപോയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആറ് മണിക്കൂറിനുള്ളിൽ പഞ്ചാബിലെ ഫഗ്വാരയിൽ നിന്ന് പ്രതികളെ പൊലീസ് പിടികൂടുകയും തടവിൽ വെച്ചയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 55 ലക്ഷം രൂപ നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് അവർ മൊഴി നൽകി.
ചോദ്യം ചെയ്യലിൽ ഇവർ ബിസിനസ് പങ്കാളികളാണെന്നും പണമിടപാട് തർക്കമുണ്ടെന്നും പൊലീസ് കണ്ടെത്തി.
തട്ടിക്കൊണ്ടുപോയി കനത്ത മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. തങ്ങളോട് സഹകരിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.