എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാൽ കേൾക്കാൻ ഒരു സുഖം ഉണ്ടാകുമെന്നും സംവിധായകൻ പ്രിയദർശൻ. മനഃപൂർവ്വമായി ദ്രോഹിക്കരുതെന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകർക്കാൻ ശ്രമിക്കരുതെന്നും പ്രിയദർശൻ പറഞ്ഞു. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സംവിധായകന്‍.
“സോഷ്യൽ മീഡിയ സിനിമയെ മാത്രമല്ല, എല്ലാ കാര്യങ്ങളെയും ബാധിക്കാറുണ്ട്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാൽ കേൾക്കാൻ ഒരു സുഖം ഉണ്ടാകും. ആരോഗ്യപരമായ വിമർശനങ്ങളാണ് വേണ്ടത്. എല്ലാവർക്കും സ്വന്തമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ അത് പറയുന്ന ഭാഷയ്ക്ക് ഒരു ഭംഗി ഉണ്ടായാൽ മറ്റുള്ളവരെ വേദനിപ്പിക്കില്ല. മനഃപൂർവ്വമായിട്ട് ദ്രോഹിക്കരുത് എന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകർക്കാൻ ശ്രമിക്കരുത്” എന്ന് പ്രിയദർശൻ പറഞ്ഞു.
“പണ്ടും സോഷ്യൽ മീഡിയ ഉണ്ട്. ഞങ്ങൾ സിനിമ തുടങ്ങുന്ന കാലത്തും അതിന് മുമ്പും എല്ലാം. പക്ഷേ അതെല്ലാം ചായക്കടകളുടെയും കലുങ്കുകളുടെയും മുകളിൽ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്നത് കൂടുതൽ സ്ഥലങ്ങളിലേക്ക് പരക്കുന്നു. അന്ന് ചായക്കടയിൽ ഇരുന്ന് അഭിപ്രായം പറഞ്ഞാൽ കിട്ടുന്നത് ഒരു ചായയാണ്. ഇന്നതല്ല. പലർക്കും സോഷ്യൽ മീഡിയ ജീവിത മാർഗമാണ്. എല്ലാ മനുഷ്യർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാൻ സാധിക്കില്ല. പക്ഷേ ആ സമയത്തും കുറച്ച് അന്തസ്സോടെ അത് ചെയ്താൽ നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്”, എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.