തൃശൂർ : തൃശൂരിൽ ചികിത്സയിലിരിക്കെ യുവതി ലൈംഗിക അതിക്രമം നേരിട്ട സംഭവത്തിൽ മെഡിക്കൽ കോളേജിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് പ്രിൻസിപ്പലിന്‍റെ റിപ്പോർട്ട്. രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന് പറഞ്ഞാണ് പ്രതി ദയാലാൽ യുവതിക്കൊപ്പം കയറിയത്. വനിത ജീവനക്കാരാണ് യുവതിയെ ശുശ്രൂഷിച്ചതെന്നും ആരോഗ്യ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ലൈംഗികാതിക്രമ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടലുണ്ടായത്. സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. യുവതിക്കൊപ്പം ആശുപത്രിയിൽ വന്ന ദയാലാൽ കൂട്ടിരിപ്പുകാരനെന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജിലെ വനിത ജീവനക്കാർ തന്നെയാണ് യുവതിയെ ശുശ്രൂഷിച്ചത്. ഇന്നലെ ബന്ധുവിനോടാണ് യുവതി അതിക്രമ വിവരം പറഞ്ഞത്.
സംഭവം അറിഞ്ഞപ്പോൾ തന്നെ സ്റ്റാഫ് നഴ്സ് പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരം അറിയിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ഇയാൾ എങ്ങനെ ആംബുലൻസിൽ കയറിയതെന്ന് അറിയില്ലെന്നും പ്രിൻസിപ്പലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇന്നലെ രാത്രിയിൽ കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് പ്രതി ദയാലാലിനെ മെഡിക്കൽ കോളേജ് പൊലീസ് കോടതിയിൽ ഹാജരാക്കി. ബലാത്സംഗക്കുറ്റം അടക്കമുള്ള നാല് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുക്കുന്നത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് ശ്രീനാരായണപുരം സ്വദേശിയായ ദയാലാൽ. വെള്ളിയാഴ്ചയാണ് കൈപ്പമംഗലം സ്വദേശിയായ 25 കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.