മൂന്നാർ: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. ബോഡി നായ്ക്കന്നൂർ ഒളുഗൽപട്ടി സ്വദേശി എ. ഗോപിനാഥ് (41), തേനി സ്വദേശി എസ്. ദേശീയൻ അരവിന്ദോ (23) എന്നിവരെയാണ് മൂന്നാർ പൊലീസ് അറസ്റ്റു ചെയ്തത്. ഗ്രഹാംസ് ലാന്‍റ് റോഡിലെ നോ പാർക്കിംഗ് സ്ഥലത്ത് വാഹനം നിര്‍ത്തി മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് തമിഴ്നാട് സ്വദേശികളായ യുവാക്കള്‍ മൂന്നാര്‍ എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തത്
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മൂന്നാര്‍ എസ്എച്ച്ഒ മനേഷ്. കെ. പൗലോസും സംഘവും പട്രോളിംഗ് നടത്തി വരുന്നതിനിടെയിലാണ് ഗ്രഹാംസ് ലാന്‍റ് റോഡിലെ നോ പാർക്കിംഗ് സ്ഥലത്ത് വാഹനം നിർത്തിയിട്ട് തമിഴ്നാട് സ്വദേശിയായ ഗോപിനാഥ് മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് വാഹനം നിര്‍ത്തി എസ് എച്ച് ഒ ഇയാളോട് പൊതു സ്ഥലത്ത് മദ്യപിക്കരുതെന്ന് പറയുകയും മദ്യ കുപ്പി ആവശ്യപ്പെടുകയും ചെയ്തു. പൊതു സ്ഥലത്ത് മദ്യപിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഗോപിനാഥ് റോഡിൽ കുത്തിയിരുന്നു.
വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ റോഡിലിരുന്ന ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ബഹളം കേട്ട് രണ്ട് പേര്‍ കൂടി സ്ഥലത്തെത്തി. തുടർന്ന് ഇരുവരും ചേർന്ന് സിഐ മനേഷ്. കെ. പൗലോസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് വാഹനത്തിൽ കയറാൻ തയ്യാറാകാതിരുന്ന ഇവരെ കൂടുതൽ പൊലീസെത്തിയാണ് അറസ്റ്റു ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു