ന്യൂഡല്‍ഹി : ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തു. സിദ്ധാര്‍ഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ വിഷയത്തില്‍ അന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ മഹാരാഷ്ട്ര ഡിജിപിക്കും നിര്‍ദേശം നല്‍കി. ഇതിനിടെ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും സ്ത്രീകളെ അപമാനിക്കുന്നതായൊന്നും ട്വീറ്റിലില്ലെന്നും സിദ്ധാര്‍ഥ് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ തടഞ്ഞതിനു പിന്നാലെ മോദിക്കു പിന്തുണയുമായി സൈന ട്വീറ്റ് ചെയ്തിരുന്നു. ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ ആ രാജ്യത്തിനു സ്വയം സുരക്ഷിതമാണെന്നു പറയാനാകില്ല. ഏറ്റവും ശക്തമായി ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത് ‘ എന്നായിരുന്നു ട്വീറ്റ്. നടന്‍ സിദ്ധാര്‍ഥ് ഇതു റീട്വീറ്റ് ചെയ്തപ്പോള്‍ ഉപയോഗിച്ച പരിഹാസ പരാമര്‍ശമാണു വിവാദമായത്.
താന്‍ ഉപയോഗിച്ച വാക്ക് മോശം രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അര്‍ഥത്തിലാണ് അത് ഉപയോഗിച്ചതെന്നും സിദ്ധാര്‍ഥ് വിശദീകരിച്ചു. നടനെന്ന നിലയില്‍ സിദ്ധാര്‍ഥനെ താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഈ പരാമര്‍ശം മോശമായിപ്പോയെന്നും സൈനയും പ്രതികരിച്ചു. നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റന്‍ താരവുമായ പി.കശ്യപ് തുടങ്ങി പലരും സിദ്ധാര്‍ഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.