ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ നടത്തിയ പരിശോധനയെ പരിഹസിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. ആദ്യം ബി.ബി.സി ഡോക്യുമെന്ററികൾ നിരോധിക്കുക, പിന്നാലെ അദാനി വിഷയത്തിൽ പാർലമെന്‍ററി സമിതിയുടെ അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോൾ ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. എന്നിട്ട് ഇന്ത്യയെ ഇപ്പോഴും ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു -എന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.
അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.പരിശോധനക്കിടെ മാധ്യമപ്രവർത്തകരുടെ ലാപ്‌ടോപ്പുകളും ഫോണുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ കസ്തൂർബ ഗാന്ധി മാർഗിലെയും മുംബൈയിൽ സാന്റ ക്രൂസിലെയും ഓഫിസുകളിലായിരുന്നു പരിശോധന.