ന്യൂഡൽഹി: ഹിൻഡൻബർഗ് പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. എൽ.ഐ.സിയും എസ്.ബി.ഐയും അദാനി എന്റർപ്രൈസസിന്റെ എഫ്.പി.ഒയിൽ വൻതോതിൽ പൊതുപണം നിക്ഷേപിച്ചതിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹരജി നൽകിയത്. ഗൗതം അദാനിയും കൂട്ടാളികളും കോടിക്കണക്കിന് പൊതുപണം തട്ടിയെടുത്തു എന്നാണ് ഹരജിയിൽ ആരോപിച്ചിരിക്കുന്നത്.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഗൗതം അദാനിക്കുള്ള തിരിച്ചടി തുടരുകയാണ്. ലോക സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി കൂടുതൽ പിറകിലായി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ ലോക സമ്പന്നരിൽ 24ാം സ്ഥാനത്താണ്. ഹിൻഡൻബർഗ് റിപ്പോർട്ട് വരുമ്പോൾ ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തായിരുന്നു ഗൗതം അദാനി.