പ്രണയദിനം ആഘോഷിക്കാൻ ഗോവയിലെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ. ഗോയിലെ പാലോലിം ബീച്ചിലായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശികളായ വിഭു ശര്‍മ(27) സുപ്രിയ ദുബെ(26) എന്നിവരാണ് മരിച്ചത്. സുപ്രിയ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നെന്നും വിഭു ശർമ്മ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടെന്നുമാണ് പൊലീസ് കരുതുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ സുപ്രിയയുടെ മൃതദേഹമാണ് ബീച്ചില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ഫോണും ബീച്ചില്‍നിന്ന് കണ്ടെടുത്തു. ഉച്ചയോടെ വിഭു ശര്‍മയുടെ മൃതദേഹവും കണ്ടെത്തി. രണ്ടു ദിവസം മുമ്പ് ഗോവയിലെത്തിയ ഇരുവരും നേരത്തെ നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇതിനുശേഷമാണ് പാലോലിം മേഖലയിലെത്തിയത്.
സുപ്രിയ ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. താമസവും ഇവിടെത്തന്നെയായിരുന്നു. വിഭു ഡല്‍ഹിയിലാണ് താമസിക്കുന്നത്. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു. ഇവർ ഗോവയിലെത്തിയ വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണവും കോക്ടെയിലും കഴിച്ചശേഷം ഇരുവരും ബീച്ചിലേക്ക് പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവരുടേയും ഹോട്ടൽ മുറിയിൽ നിന്ന് അവരുടെ സാധനങ്ങളും ആഭരണങ്ങളും കണ്ടെടുത്തു. അപകടത്തിൽ മറ്റൊരാളുടെ ഇടപെടൽ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചില വിദേശികൾ അർദ്ധരാത്രിക്ക് ശേഷം സഹായത്തിനായുള്ള ചില നിവിളികൾ കേട്ടതായി പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരുടേയും മൃതദേഹങ്ങൾ സൗത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.