പയ്യന്നൂർ> വീട്ടിൽ നിധിയുണ്ടെന്നും അതെടുത്ത് നൽകാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. പയ്യന്നൂർ കാറമേലിലെ കൊവ്വൽ മൂപ്പന്റകത്ത് ജമീലയുടെ പരാതിയിൽ എട്ട് പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം ടി പി റഷീദ്, മാതാവ് സൈനബ, ഭാര്യ അഷിഫ, സഹോദരങ്ങളായ ഷർഫിദ്ദീൻ, ഷംസു, നിസാം, വയനാട്ടിലെ ഉസ്‌താദ് അബുഹന്ന, കാസർകോട് സ്വദേശിയായ തങ്ങൾ എന്നിവർക്കെതിരെയാണ് കേസ്.
ഉമ്മയുടെ പേരിൽ പടന്നയിലുള്ള സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് റഷീദിനെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ സ്ഥിരമായി പാമ്പുശല്യമുള്ള കാര്യം ഇയാളോട് പറഞ്ഞിരുന്നു. വീട്ടിൽ നിധിയുണ്ടാകുമെന്നും അതിനാലാണ് പാമ്പുകൾ ഉണ്ടാകുന്നതെന്നും നിധിയെടുക്കാൻ സഹായിക്കാമെന്നും വിശ്വസിപ്പിച്ച് റഷീദും കൂട്ടാളികളും പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ജമീലയുടെ പരാതി.