കൊച്ചി : ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും. അതല്ലെങ്കിൽ അവരെ മാറ്റി നിർത്തുമെന്നും ശൈലജ വിശദീകരിച്ചു. തന്റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു.
കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനമാകെ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ. എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് ആകാശ് തില്ലങ്കേരി വിവാദം തീർക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണിപ്പോൾ സിപിഎം. ജില്ലാ നേതൃത്വം പലയാവർത്തി മുന്നറിയിപ്പ് നൽകിയിട്ടും തില്ലങ്കേരി ലോക്കൽ കമ്മിറ്റിയിലെ അംഗങ്ങളും15 ലധികം ബ്രാഞ്ചുകളിലെ പ്രവർത്തകരും ആകാശിന് പിന്തുണ നൽകുന്നുണ്ട്. ഇവർ ആരാണെന്ന് പാർട്ടിക്ക് മനസിലായിട്ടുണ്ടെന്നും ഇനി സഹകരിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ നൽകുന്ന മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ ആകാശ് തില്ലങ്കേരി എന്ത് പ്രകോപനം ഉണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നും ക്വട്ടേഷൻ കേസുകൾ കുത്തിപ്പൊക്കിയെടുത്ത് ആകാശിനെ അഴിക്കുള്ളിലാക്കാമെന്നതുമാണ് സിപിഎം നിലപാട്.