പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. കേസിൽ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്.
നാളെ മധുകൊല്ലപ്പെട്ടിട്ട് അഞ്ചുവർഷം തികയും . മധുവിൻ്റെ അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയിട്ടും പിന്മാറാതെയുള്ള നിയമപോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ അഞ്ചാം ആണ്ടിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്‍റെ കുടുംബം.
കൊലക്കേസിൽ പതിനാറ് പ്രതികൾ. പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ 101 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം എട്ടുപേരേയും.
2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധുകൊല്ലപ്പെടുന്നത്. മൂന്ന് പ്രോസ്യൂട്ടർമാർ പിന്മാറിയ കേസിൽ പല കാരണം കൊണ്ട് വിചാരണ വൈകി. രഹസ്യമൊഴി നൽകിയവർ അടക്കം 24 സാക്ഷികൾ കോടതിയിൽ കൂറുമാറി. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ അടക്കം അസാധാരണ സംഭവങ്ങൾ ഏറെയുണ്ടായി.
മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിനെ തെളിവ് മൂല്യമായി അവതരിപ്പിച്ചതടക്കം കയ്യടിനേടിയ പ്രോസിക്യൂഷൻ നടപടികൾ.കേസിൽ അന്തിവാദം തുടങ്ങുമ്പോൾ 2 കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. ഒന്ന് കൂറുമാറിയ സാക്ഷികൾക്ക് എതിരെ എന്താകും നടപടി. രണ്ട് കൂറുമാറ്റത്തിന് ഇടനിലക്കാരനായ ആഞ്ചനെതിരെയുള്ള പ്രോസിക്യൂഷൻ നിലപാട്.