കൊച്ചി :പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു. ചെല്ലാനത്തും കുന്പളങ്ങിയിലും കൂടുതൽ ടാങ്കറുകളിൽ ഇന്ന് വെള്ളമെത്തിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കും. വിതരണം ചെയ്യുന്ന വെള്ളം മോശമാണെന്ന് ആരോപണം ഉയർന്നതിനാൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതല്‍ സാംപിളുകള്‍ ശേഖരിക്കും.
അതേസമയം ചെല്ലാനം ഉൾപ്പെടെ പശ്ചിമ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. വല്ലപ്പോഴും തദ്ദേശ സ്ഥാപനങ്ങൾ എത്തിക്കുന്ന ടാങ്കർ ലോറിയിലെ വെള്ളം ഇവിടെ അപര്യാപ്തമാണ്. ജല അതോറിറ്റി ഇന്ന് മുതൽ കൂടുതൽ വെള്ളം എത്തിക്കും എന്ന പ്രതീക്ഷയിലാണ് ജനം.
അതേസമയം എറണാകുളത്ത് കുടിവെള്ള ടാങ്കർ വെള്ളം കുടിച്ചവർക്ക് ഇന്നലെ ദേഹാസ്വാസ്ഥ്വം നേരിട്ടു. കൊച്ചി മുണ്ടംവേലി പ്രദേശത്ത് കുടിവെള്ള ടാങ്കറുകളിൽ വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പല വിധ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി ഈ പ്രദേശത്ത് കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു. പൊതുടാങ്കിൽ നിന്ന് പൈപ്പ് വഴി വെള്ളം കുടിച്ചവരും ചികിത്സ തേടേണ്ട അവസ്ഥയിലാണ്.