തങ്ങളുടെ പ്രിയപ്പെട്ട സിനിമാതാരങ്ങളെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. നടീനടന്മാരെ നേരിൽ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന പലരുടെയും വീഡിയോകളും വാര്‍ത്തകളും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇവരെ നേരിട്ടോ ഫോണിലൂടെയോ താരങ്ങൾ ബന്ധപ്പെടാറുമുണ്ട്. ഇത്തരത്തിൽ മോഹൻലാലിനെ കാണണമെന്ന ഷിജിലിയുടെയും ഹരീഷിന്റെയും ആഗ്രഹമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്.
അസ്ഥികൾ നുറുങ്ങുന്ന വേദനയുമായി ജീവിക്കുമ്പോഴും ഷിജിലി മോഹന്‍ലാലിനെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു. വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ഹരീഷിനും ഏറ്റവും വലിയ ആഗ്രഹം അതുതന്നെയായിരുന്നു. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇരുവർക്കും സ്നേഹവുമായി കഴിഞ്ഞ ദിവസം മോഹൻലാൽ നേരിട്ടെത്തി. രണ്ടു പേർക്കൊപ്പവും സമയം ചെലഴിച്ചു. മോഹൻലാൽ ഫാൻസ് സംഘടനയായ എ.കെ.എം.എഫ്.സി.ഡബ്യൂ.എ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയത്. കൃത്രിമ കാല് വച്ചു പിടിപ്പിക്കാനായി ഹരീഷിന് സംഘട സാമ്പത്തിക സഹായം നൽകിയിരുന്നു.
നടൻ ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് വഴി മോഹൻലാലിനെ കാണണമെന്ന ആഗ്രഹം ഷിജിലി പങ്കുവച്ചിരുന്നു. ഈ വീഡിയോ ഏറെ ശ്രദ്ധനേടുകയും ചെയ്തു. ഒടുവിൽ പ്രിയ താരത്തെ ഷിജിലി നേരില്‍ കണ്ടു. ആ സന്തോഷം ഷിജിലി പങ്കുവച്ചിട്ടുമുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്നും ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതിയെന്നും ഷിജിലി കുറിച്ചു.
“സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം. നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി”, എന്നാണ് ഷിജിലി കുറിച്ചത്. കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ഒരു വർഷമായി ലോട്ടറി കച്ചവടം നടത്തുകയാണ് ഷിജിലി.