ചില രാജ്യങ്ങളിൽ പ്രധാനമായും ഡ്രൈവർമാരായി ജോലി നോക്കുന്നത് പുരുഷന്മാരായിരിക്കും. എന്നാൽ, കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇന്ന് ഈ മേഖലയിലേക്ക് അനവധി സ്ത്രീകളും കടന്നു വരുന്നുണ്ട്. ഓല, ഊബർ തുടങ്ങിയവയ്ക്കൊക്കെ വേണ്ടി ഡ്രൈവർമാരായി ജോലി ചെയ്യുന്ന അനേകം സ്ത്രീകളും ഇന്നുണ്ട്.
അതുപോലെ പാകിസ്ഥാനിൽ നിന്നുമുള്ള ഒരു വനിതാ ഡ്രൈവറെ കുറിച്ച് സയീദ ഖദീജ എന്നൊരു ട്വിറ്റർ യൂസർ ഒരു കുറിപ്പ് പങ്ക് വച്ചു. പാകിസ്ഥാനിൽ വനിതാ ഡ്രൈവർമാരുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. അതിനാൽ തന്നെ മിക്കവാറും ഓലയും ഊബറുമൊക്കെ ബുക്ക് ചെയ്യുന്നവർ വനിതാ ഡ്രൈവർമാരെ കാണുമ്പോൾ തെല്ലൊന്ന് അമ്പരക്കാറുണ്ട്.
ലാഹോറിലാണ് ഈ സംഭവം ഉണ്ടായത്. ഖദീജയ്ക്ക് വേണ്ടി റുഖ്സാന എന്ന ഡ്രൈവറാണ് എത്തിയത്. റുഖ്സാനയുടെ ഊബർ ആപ്പ് പ്രൊഫൈൽ പ്രകാരം ഒരു വർഷമായി അവർ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. 4.94 ആണ് റേറ്റിംഗ് കിട്ടിയിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 2136 യാത്രകൾ അവർ പൂർത്തിയാക്കി.
https://twitter.com/SyedaaKhadija/status/1626972047434711043?s=20
‘ഈ യാത്രയിൽ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഷീ വാസ് സോ സ്വീറ്റ്, അവരുടെ ഡ്രൈവിംഗ് വളരെ മികച്ചതാണ്’ എന്നാണ് ഖദീജ എഴുതിയിരിക്കുന്നത്. ഒപ്പം ഡ്രൈവറുടെ ചിത്രവും അവർ പങ്ക് വച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് തനിക്ക് ഊബർ റൈഡിൽ ഒരു വനിതാ ഡ്രൈവറെ കിട്ടുന്നത്. ആദ്യമായിട്ടാണ് സുരക്ഷിതയാണ് എന്ന് അറിഞ്ഞുകൊണ്ട് താൻ ടാക്സിയിൽ കിടന്ന് ഉറങ്ങുന്നത് എന്നും ഖദീജ തന്റെ പോസ്റ്റിൽ പറയുന്നു.
അധികം വൈകാതെ തന്നെ ട്വീറ്റ് വൈറലായി. അനവധിപ്പേരാണ് കമന്റുകളും റീട്വീറ്റുമായി എത്തിയത്. ‘താൻ രണ്ട് തവണ റുഖ്സാനയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഒരു തവണ അവർക്കൊപ്പം മുന്നിൽ തന്നെയാണ് ഇരുന്നത്. വീണ്ടും അവരെ കണ്ട് മുട്ടാനാവട്ടെ എന്ന് ആഗ്രഹിക്കുന്നു. അവരെ കുറിച്ചോർത്ത് അഭിമാനിക്കുന്നു’ എന്നാണ് ഒരു സ്ത്രീ കമന്റ് ചെയ്തിരിക്കുന്നത്.












