ന്യൂഡൽഹി∙ ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥി ഷെല്ലി ഒബ്റോയ്ക്ക് ജയം. എഎപിയും ബിജെപിയും തമ്മിൽ വലിയ സംഘർഷത്തിലേക്ക് നീങ്ങിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മൂന്ന് തവണ മാറ്റിവച്ചിരുന്നു.
ഗുണ്ടകൾ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഡൽഹി മുനിസിപ്പിൽ കോർപ്പറേഷനിലെ ജനം വിജയിക്കുകയും ഗുണ്ടായിസത്തെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഡപ്യൂട്ടി മേയറായി ആം ആദ്മി പാർട്ടിയുടെ ആലി മുഹമ്മദ് ഇഖ്ബാൽ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ കമൽ ബാർഗിയെയാണ് 31 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. ഇഖ്ബാലിന് 147 വോട്ടും ബാർഗിക്ക് 116 വോട്ടും ലഭിച്ചു.
ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടിനാണ് ഷെല്ലി ഒബ്റോയ് തോൽപ്പിച്ചത്. ഷെല്ലി ഒബ്റോയ്ക്ക് 150 വോട്ടും രേഖ ഗുപ്തയ്ക്ക് 116 വോട്ടുമാണ് ലഭിച്ചത്. 266 വോട്ട് പോൾ ചെയ്തു. ഡിസംബറിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും ബിജെപിയും എഎപിയും തമ്മിലുള്ള കലഹത്തെത്തുടർന്ന് മേയർ തിരഞ്ഞെടുപ്പ് നീണ്ടുപോകുകയായിരുന്നു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ നിർദേശിച്ച 10 പേർക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകിയതിനെ ഷെല്ലി സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, നിർദേശം ചെയ്യപ്പെട്ടവർക്കു വോട്ട് ചെയ്യാൻ സാധിക്കില്ലെന്നു വിധിച്ചു. ഇതോടെയാണ് തിരഞ്ഞെടുപ്പ് എഎപിക്ക് അനുകൂലമായത്. സ്ഥിരം സമിതി രൂപീകരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പും വൈകാതെ നടക്കും.