തിരുവനന്തപുരം : തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് പ്രതിഷേധം. യുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലും വഴുതക്കാട് ഭാഗത്തും വച്ചാണ് പ്രതിഷേധമുണ്ടായത്. യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം കഴിഞ്ഞദിവസം, കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തളളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച് നടത്തി. മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലിനിത്തിന്റെ വലത് കണ്ണിന് ഗുരുതര പരിക്കേറ്റു. ടിയർ ഗ്യാസ് ഷെല്ലിന്റെ ചീള് കണ്ണിൽ പതിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പാറശാല നിയോജകം കമ്മിറ്റി അംഗമാണ് ലിനിത്ത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലേക്ക് ലിനിത്തിനെ പ്രവേശിപ്പിച്ചു.