കൊച്ചി: നടി ആക്രമണ കേസിന്റെ വിചാരണ വേളയിൽ ഒന്നാംപ്രതി പൾസർ സുനിയെ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളെ നിലവിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണക്ക് ഹാജരാക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വിചാരണ കോടതിക്ക് ജസ്റ്റിസ് കെ. ബാബു നിർദേശം നൽകിയത്.
വിചാരണ വേളയിൽ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുനി നൽകിയ ഹരജി അനുവദിച്ചാണ് ഉത്തരവ്.
വിചാരണ സമയത്ത് കോടതിയിൽ ഹാജരാക്കിയാൽ സാക്ഷിവിസ്താരത്തിലടക്കം ഇയാളുടെ വിശദീകരണം ഉടൻ തേടാനും നിർദേശങ്ങൾ സ്വീകരിക്കാനും കഴിയുമെന്നായിരുന്നു സുനിയുടെവിചാരണ വേളയിൽ അഭിഭാഷകന്റെ വാദം. ഇതേ ആവശ്യമുന്നയിച്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പറഞ്ഞു. നേരിട്ട് ഹാജരാക്കുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.