ദില്ലി: ദില്ലി എംസിഡി സ്റ്റാന്റിങ് കൗൺസിൽ തെരഞ്ഞെടുപ്പ് വീണ്ടും നിർത്തിവെച്ചു. ആം ആദ്മി – ബിജെപി സംഘർഷത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നിർത്തിവെച്ചത്. സുപ്രീം കോടതി ഇടപെട്ടിട്ട് പോലും എംസിഡിയിലെ സംഘർഷം അയയുന്നില്ല. ഇന്നലെ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്നലെ സമാധാനപരമായി കഴിഞ്ഞിരുന്നു.
ദില്ലി എംസിഡിയിൽ മേയർ, ഡപ്യൂട്ടി മേയർ പദവികൾക്ക് അധികാരം കുറവാണ്. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്റ്റാന്റിങ് കമ്മിറ്റികൾക്ക് കൂടുതൽ അധികാരമുണ്ട്. അതിനാലാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
ഇതുവരെ 20 ശതമാനം പോലും പോളിങ് നടന്നിട്ടില്ല. ആം ആദ്മി പാർട്ടി മേയർ ഷെല്ലി ഒബ്റോയിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ. ഷെല്ലി ഒബ്റോയി ക്രമക്കേട് നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇന്ന് ഏറ്റവുമൊടുവിൽ ബിജെപി അംഗം ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. പിന്നീടുണ്ടായ തർക്കത്തിൽ തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു.
ഇന്നലെ നടന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി ജയിച്ചിരുന്നു. ബിജെപിയുടെ രേഖ ഗുപ്തെ പരാജയപ്പെടുത്തി എഎപിയുടെ ഷെല്ലി ഒബ്റോയി മേയറായി. എംസിഡിയിൽ എഎപിക്ക് 134 അംഗങ്ങളും, ബിജെപിക്ക് 105 ഉം അംഗങ്ങളുമാണ് ഉള്ളത്. കോൺഗ്രസിന് ഒമ്പത് അംഗങ്ങളും രണ്ട് സ്വതന്ത്രരും എംസിഡിയിലുണ്ട്. ഇവർക്ക് പുറമെ പത്ത് എംപിമാർക്കും, 14 എംഎൽഎമാർക്കും മെയർ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ആകെ 274 വോട്ടുകളാണ് ഉള്ളത്. ഇതിൽ ആപിന് കിട്ടേണ്ടിയിരുന്ന 150 വോട്ടും ഷെല്ലി ഒബ്രോയി നേടി. 116 വോട്ടാണ് എതിർ സ്ഥാനാർത്ഥി രേഖ ഗുപ്തയ്ക്ക് കിട്ടിയത്. ബിജെപി അംഗങ്ങളുടെ വോട്ടായ 113ന് പുറമെ മൂന്ന് വോട്ട് കൂടി ബിജെപിക്ക് ലഭിച്ചു.
ലെഫ്റ്റനന്റ് ഗവർണർ നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങൾ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയുള്ള ആം ആദ്മി ബിജെപി തർക്കത്തെ തുടർന്നാണ് എംസിഡി തെരഞ്ഞെടുപ്പ് നേരത്തെ മൂന്ന് തവണ മാറ്റിവച്ചത്. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ് വിഷയം തീർപ്പാക്കിയത് നാമ നിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.