ന്യൂഡൽഹി: വിമാനങ്ങളുടെ അടിയന്തര ലാൻഡിങ്ങും പറന്നുയരുന്നതിന്റെ കാലതാമസവും ഭയാനകമായ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ അവയുടെ അറ്റകുറ്റപ്പണി പരിശോധിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാജ്യസഭ നേതാവ് ബിനോയ് വിശ്വം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കോഴിക്കോട്-ദമ്മാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയതിനാൽ 176 യാത്രക്കാർ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഓരോ വിമാനവും പുറപ്പെടുന്നതിന് മുമ്പ് ചെയ്യേണ്ട കൃത്യമായ പരിശോധനകൾ എന്തൊക്കെയാണെന്ന് 1937ലെ വിമാന ചട്ടങ്ങളിൽ വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. ലാഭം നേടുന്നതിൽ മാത്രമാണ് വിമാന കമ്പനികളുടെ ആശങ്ക. അവരുടെ ലാഭത്തേക്കാൾ ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണം. ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുടെയും യാത്രക്കാരുടെ സുരക്ഷയുടെയും എല്ലാ വിശദാംശങ്ങളും പരിശോധിക്കാൻ ഉന്നതതല അന്വേഷണ കമീഷനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.