കൊച്ചി> മഞ്ഞപ്പിത്തം ബാധിച്ച് യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ മനു ജെയിംസ് (31) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.
2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇൻഡസ്റ്ററികളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പില്ലിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങൾ: മിന്ന ജെയിംസ് (യുഎസ്എ), ഫിലിപ്പ് ജെയിംസ് (യുഎസ്എ). സഹോദരി ഭർത്താവ് കരിമണ്ണൂർ കുറ്റിയാട്ട്മാലിൽ നവീൻ ജെയിംസ് (യുഎസ്എ).
സംസ്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മാർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ വച്ച് നടക്കും.