റായ്പൂർ: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിലെ പ്രസംഗത്തിലാണ് സോണിയ ഞെട്ടിക്കുന്ന പരാമർശം നടത്തിയത്. ഭാരത് ജോഡോ യാത്രയോടെ തന്‍റെ ഇന്നിംഗ്സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറിയിലെ പ്രസംഗത്തിൽ പറഞ്ഞത്. സജീവ രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തലുകൾ. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടായിരത്തി നാലിലെയും, രണ്ടായിരത്തി ഒൻപതിലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ അനുസ്മരിച്ച് പാർട്ടി അധ്യക്ഷയായിരുന്നെ കാലം സംതൃപ്തമായിരുന്നുവെന്നും സോണിയ ഗാന്ധി പ്ലീനറിയിലെ പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം എ ഐ സി സി പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം റായ്പൂരിൽ പുരോഗമിക്കുകയാണ്. സമ്മേളന നഗരിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേ പതാക ഉയർത്തി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കൾ സമ്മേളനത്തിൽ എത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ പതിനയ്യായിരത്തോളം കോൺഗ്രസ് നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പാർട്ടി അധ്യക്ഷന് കൈമാറി. ഇന്ന് മൂന്ന് പ്രമേയങ്ങളിലാണ് ചർച്ച നടക്കുക. രാഷ്ട്രീയം, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലാണ് പ്രമേയ അവതരണം. നാളെ മൂന്ന് പ്രമേയങ്ങൾ കൂടി അവതരിപ്പിക്കും. വൈകീട്ട് റാലിയോടെ പ്ലീനറി സമ്മേളനം സമാപിക്കും.