ഇസ്ലാമാബാദ്: കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പോയ ബോട്ട് മറിഞ്ഞ് മരിച്ച 59 പേരിൽ 24പേർ പാകിസ്താൻ സ്വദേശികളാണെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. ഞായറാഴ്ച തെക്കൻ ഇറ്റാലിയൻ തീരത്തിന് സമീപത്തെ പാറകളിലിടിച്ചാണ് അപകടമുണ്ടായത്.
“ഇറ്റാലിയൻ തീരത്തുണ്ടായ ബോട്ടപകടത്തിൽ 24 പാകിസ്താനികൾ മരിച്ചെന്ന റിപ്പോർട്ട് ആശങ്കാജനകമാണ്. വസ്തുതകൾ പരിശോധിച്ച ശേഷം എത്രയും വേഗം മൃതദേഹങ്ങൾ രാജ്യത്തെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്” -ശഹ്ബാസ് ശരീഫ് പറഞ്ഞു.
അപകടത്തിൽ പെട്ട 81പേരെ രക്ഷിച്ചതായി അധികൃതർ പറഞ്ഞു. തുർക്കിയിൽ നിന്ന് പുറപ്പെട്ട ബോട്ടിൽ ഇറാൻ സ്വദേശികളും അഫ്ഗാൻ സ്വദേശികളും ഉണ്ടായിരുന്നു.
യൂറോപ്പിലേക്ക് കുടിയേറ്റക്കാരെ കടത്തുന്നതിന് മനുഷ്യക്കടത്ത് സംഘം ഏറ്റവുമധികം ഉപയോഗിക്കുന്ന റൂട്ടാണ് തുർക്കിയിലേത്. ചില സമയങ്ങളിൽ അവർ റോഡിലൂടെ കിലോമീറ്ററുകളോളം നടക്കുകയും ദിവസങ്ങളോളം കപ്പൽ കണ്ടെയ്‌നറുകളിൽ അടക്കപ്പെടുകയും ചെയ്യുന്നു. കടൽ വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന ലാൻഡിങ് പോയിന്റുകളിലൊന്നാണ് ഇറ്റലി.
യുനൈറ്റഡ് നേഷൻസ് മിസ്സിങ് മൈഗ്രന്റ്സ് പ്രോജക്റ്റ് 2014 മുതൽ സെൻട്രൽ മെഡിറ്ററേനിയനിൽ 17,000-ത്തിലധികം മരണങ്ങളും തിരോധാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 220-ലധികം പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായാണ് കണക്കുകൾ.