കോട്ടയം> നാട്ടകം പോളിടെക്‌നിക്കിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്‌ത കേസിൽ ഒമ്പത് സീനിയർ വിദ്യാർഥികൾക്ക് രണ്ടുവർഷം തടവും 12,000 രൂപ വീതം പിഴയും ശിക്ഷ. സീനിയർ വിദ്യാർഥികളായിരുന്ന അഭിലാഷ് ബാബു, എസ് മനു, റെയ്സൺ, കെ ജെറിൻ പൗലോസ്, കെ എം ശരൺ, പ്രവീൺ, ജയപ്രകാശ്, പി നിഥിൻ, കെ ശരത് ജോ എന്നിവരെയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ ഹരികുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചു മാസം തടവുകൂടി അനുഭവിക്കണം. പിഴസംഖ്യയിൽ നിന്ന് 50,000 രൂപ വിദ്യാർഥിക്ക് നൽകാനും ഉത്തരവിൽ പറയുന്നു.
ഒന്നാം വർഷ വിദ്യാർഥികളായ ഒമ്പതുപേരാണ് 2016 ഡിസംബർ രണ്ടിന് കോളേജ് ഹോസ്റ്റലിൽ റാഗിങ്ങിനും മറ്റ് ഉപദ്രവങ്ങൾക്കും ഇരയായത്. രാത്രി ഒമ്പതരയോടെ ഓരോ ജൂനിയർ വിദ്യാർഥിയെയും ഒരു റൂമിലേയ്ക്ക് വിളിച്ചുവരുത്തി ക്രൂരതയ്‌ക്ക് ഇരയാക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാർഥിക്ക് വൃക്ക തകരാറിലായതിനെതുടർന്ന് ദീർഘനാൾ ചികിത്സയും ഡയാലിസിസും വേണ്ടിവന്നു. പരിക്കുപറ്റിയ പല വിദ്യാർഥികളും സാക്ഷികളായിരുന്നെങ്കിലും വിസ്താര വേളയിൽ കൂറുമാറി.
വിക്ടിം കോമ്പൻസേഷൻ സ്കീം അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കാനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കാമെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ ജയചന്ദ്രൻ ഹാജരായി. ചിങ്ങവനം പൊലീസ് ചാർജ്‌ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കിയത് ഡിവൈഎസ്‌പി വി അജിത്തായിരുന്നു.