കണ്ണൂർ: പയ്യന്നൂരിൽ റോഡ് വീതികൂട്ടാൻ നഷ്ടപരിഹാരം നൽകാതെയുള്ള സ്ഥലം ഏറ്റെടുക്കലിനെ ന്യായീകരിച്ച് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ. മാതമംഗലത്തേത് ആദ്യഘട്ടത്തിലെ എതിർപ്പ് മാത്രമെന്ന് എംവി ജയരാജൻ പറഞ്ഞു. റോഡ് വേണമെന്ന പൊതു ആവശ്യത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ സഹകരിക്കണം. പണം നൽകാനാകുമോ എന്ന് പരിശോധിക്കാമെന്നും എംവി ജയരാജൻ പറഞ്ഞു.
നഷ്ടപരിഹാരം നൽകാതെ പെരുമ്പ മാതമംഗലം റോഡിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ ആകെ 51 പേരാണ് പയ്യന്നൂർ മുനിസിഫ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഇതിൽ പത്തോളം പേരെ ഭീഷണിപ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിന് സമ്മതിപ്പിച്ചു.. ബാക്കി വരുന്ന 40 പേരുടെയും ഭൂമി കോടതി ഉത്തരവും പ്രതിഷേധവും മറികടന്ന് പൂർണമായും ജെസിബി കൊണ്ടുവന്ന് ഇടിച്ച് നിരത്തി. പ്രതിഷേധിച്ച അഭിഭാഷകൻ മുരളി പള്ളത്തിന്റെ വീട്ടിൽ വാഹനങ്ങൾ അടിച്ച് തകർത്തതോടെ ബാക്കിയുള്ളവർക്ക് ഭയമായി. പ്രതികരിച്ചാൽ സമാനമായ ആക്രമണം ഉണ്ടാകുമോ എന്ന പേടിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ ഇവർ തയ്യാറായില്ല. വീട്ടുകാർക്ക് നിയമസഹായം കോൺഗ്രസ് നൽകുമെന്ന് സ്ഥലം സന്ദർശിച്ച ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മതിൽ പൊളിച്ചതിനെതിരെ വിരമിച്ച പട്ടാളക്കാരൻ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതി പൊലീസ് സ്റ്റേഷനിൽ തന്നെ തീർപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്ഥലം വിട്ടു നൽകുന്നതിൽ എതിർപ്പുള്ള ശരണ്യ പറഞ്ഞു. എത്ര പ്രതിഷേധമുണ്ടായാലും പിന്നോട്ടില്ല എന്നാണ് സിപിഎം നിയന്ത്രണത്തിലുള്ള ജനകീയ സമിതി വ്യക്തമാക്കുന്നത്.