തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറുടെ ഔദ്യോഗിക മുറി പൂട്ടി താക്കോൽ സ്വന്തമാക്കി ഡോ. സിസ തോമസ്. സർക്കാർ ഉത്തരവിനെത്തുടർന്ന് തൽസ്ഥാനത്ത് ജോലിക്കെത്തിയ ഡോ. എം എസ് രാജശ്രീ ഇതോടെ മറ്റൊരു മുറിയിലിരുന്നാണ് ജോലിചെയ്‌തത്. താക്കോൽ ആവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് സിസയെ ബന്ധപ്പെട്ടപ്പോൾ ഉടൻ എത്തിക്കാമെന്നും അറിയിച്ചു. എന്നാൽ, അതിനിടെ അവർ നിയമന ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കൂടാതെ ഉച്ചവരെ സാങ്കേതിക സർവകലാശാലയിലും സിസയുണ്ടായിരുന്നു. ഡയറക്ടറേറ്റിൽ തുടരാമെന്ന പ്രതീക്ഷയിലാണ് ചൊവ്വാഴ്ച ഉത്തരവ് വന്നിട്ടും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടി സിസ തോമസ് ഇറങ്ങിയത്.
നിയമനം ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയും ഗവർണർ നൽകിയ ഇടക്കാല വിസി സ്ഥാനം ഒഴിയാനും തയ്യാറായിട്ടില്ല. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് താൽക്കാലിക വിസിയെ നിയമിക്കാൻ സർക്കാർ മൂന്നംഗ പാനൽ ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ ഗവർണറുടെ പിന്തുണയോടെ തുടരുന്ന സിസയുടെ താൽക്കാലിക വിസി പദവിയും പൂർണമായും നഷ്ടപ്പെടും. ഒരാഴ്ചയ്‌ക്കുള്ളിൽ സിസ തോമസിന്റെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിലേക്കുള്ള നിയമന ഉത്തരവ് സർക്കാർ ഇറക്കുമെന്നാണ് സൂചന.