ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത് ആറ് കോടി രൂപ. ബിജെപി ദാവൻഗരെയിലെ ഛന്നാഗിരി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച ലോകായുക്ത അഴിമതി വിരുദ്ധ സംഘം ഇത്രയും പണം പിടികൂടിയത്. മുറിയിൽ കൂമ്പാരമായി കിടക്കുന്ന പണം ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കെഎഎസ് ഓഫീസറായ പ്രശാന്ത്, ബെംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. ഓഫിസിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കൈയോടെ പിടിയിലായത്.
സോപ്പും ഡിറ്റർജന്‍റും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാർ കോൺട്രാക്റ്ററിൽ നിന്ന് ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിച്ചപ്പോൾ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. അഴിമതിയാരോപണങ്ങളിൽ വലയുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയാണ് ഈ സംഭവം. ഓരോ പ്രോജക്ടിനും എംഎൽഎമാരും മന്ത്രിമാരും 40% കമ്മീഷൻ ചോദിക്കുന്നെന്ന് കോൺട്രാക്റ്റർമാരുടെ അസോസിയേഷൻ ആരോപിച്ചിരുന്നു. ഇത് പ്രതിപക്ഷം പ്രചരണായുധമാക്കി.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാനാണ് എംഎൽഎയായ മദൽ വിരുപാക്ഷാപ്പ. സംഭവത്തിൽ ഓംബുഡ്സ്മാൻ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സംഭവമെന്നാണ് വിലയിരുത്തൽ. അഴിമതി വിരുദ്ധമാണ് ബിജെപി സർക്കാറെന്നാണ് നേതാക്കളുടെ അവകാശവാദം.