ദില്ലി: കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഉടൻ തന്നെ ഹിപ്പോപ്പൊട്ടാമസുകളെയെത്തിക്കുമെന്ന് റിപ്പോർട്ട്. 1980 കളിൽ, മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ വളർത്തുമൃഗങ്ങളായിരുന്ന ഹിപ്പോകളുടെ പിൻഗാമികളാണ് ഇന്ത്യയിലേക്ക് എത്തുക. എസ്കോബാറിന്റെ മുൻ കൃഷിയിടത്തിന് സമീപത്തു നിന്ന് 70 ഹിപ്പോപ്പൊട്ടാമസുകളെയെങ്കിലും ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും എത്തിക്കുമെന്നാണ് വിവരം. എസ്കോബാർ ആഫ്രിക്കയിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത നാല് ഹിപ്പോകളുടെ പിൻഗാമികളാണിത്. ഹിപ്പോകളുടെ ജനസംഖ്യ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവയെ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും മാറ്റാൻ കൊളംബിയ തീരുമാനിച്ചതെന്നാണ് വിവരം. നിലവിൽ 130 ഹിപ്പോപ്പൊട്ടാമസുകൾ ഈ പ്രദേശത്തുണ്ടെന്നും ഇവ എട്ടുവർഷത്തിനുള്ളിൽ 400 എണ്ണമായി പെരുകുമെന്നുമാണ് കൊളംബിയൻ അധികൃതരുടെ കണക്കുകൂട്ടൽ.
1993ലാണ് എസ്കോബാർ കൊല്ലപ്പെട്ടത്. അതിനു ശേഷമുള്ള വർഷങ്ങളിൽ എസ്കോബാറിന്റെ ഹസീൻഡ നെപ്പോൾസ് കൃഷിയിടവും ഹിപ്പോകളും വിനോദസഞ്ചാരികളുടെ ആകർഷണമായി മാറിയിരുന്നു. കൃഷിയിടം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഹിപ്പോകൾ അവ അതിജീവിച്ചു. ഹിപ്പോകൾക്ക് കൊളംബിയയിൽ പ്രകൃതിദത്ത വേട്ടക്കാരില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അവയുടെ മലം നദികളുടെ ഘടനയിൽ മാറ്റം വരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്നതിനാൽ ജൈവവൈവിധ്യത്തിനും ഭീഷണിയാണ്. കഴിഞ്ഞ വർഷം, കൊളംബിയ സർക്കാർ ഇവയെ വിഷബാധയുള്ള ആക്രമണകാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കും കൊണ്ടുപോകാനുള്ള പദ്ധതി ഒരു വർഷത്തിലേറെയായി ചർച്ചയിലാണെന്ന് ആന്റിയോക്വിയയിലെ പരിസ്ഥിതി മന്ത്രാലയത്തിലെ മൃഗസംരക്ഷണ, ക്ഷേമ ഡയറക്ടർ ലിന മാർസെല ഡി ലോസ് റിയോസ് മൊറേൽസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. “ഹിപ്പോകളെ വലിയ ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണവും നൽകി ട്രക്കിൽ 150 കിലോമീറ്റർ അകലെയുള്ള റിയോനെഗ്രോ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും. അവിടെ നിന്ന് അവരെ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും കൊണ്ടുപോകും. അവിടെ മൃഗങ്ങളെ ഏറ്റെടുക്കാനും പരിപാലിക്കാനും സൗകര്യമുള്ള സങ്കേതങ്ങളും മൃഗശാലകളും ഉണ്ട്”. മൊറേൽസ് പറഞ്ഞു.
ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ & റീഹാബിലിറ്റേഷൻ കിംഗ്ഡത്തിലേക്ക് 60 ഹിപ്പോകളെ അയയ്ക്കാനാണ് പദ്ധതി. ഇതിനായി കണ്ടെയ്‌നറുകളുടെയും എയർലിഫ്റ്റിന്റെയും ചെലവ് വഹിക്കുമെന്നും ഡി ലോസ് റിയോസ് മൊറേൽസ് പറഞ്ഞു. 10 ഹിപ്പോകളെ മെക്സിക്കോയിലേക്കും അയയ്ക്കും. കൊളംബിയയില്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹിപ്പൊപ്പൊട്ടാമസുകളാണെന്നാണ് റിപ്പോർട്ട്. നിലവില്‍ രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് ഈ ഹിപ്പൊപ്പൊട്ടാമസുകള്‍.