ചണ്ഡിഗഡ് ∙ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. ചിലർ സാമുദായിക വികാരം വളർത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. സംസ്ഥാന സർക്കാർ കർശനമായ ജാഗ്രത പുലർത്തുന്നതിനാൽ ഓരോ സംഭവങ്ങളും അപ്പോൾ തന്നെ താൻ അറിയുന്നുണ്ട്. എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഒരു പ്രശ്‌നവുമില്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ വിലകുറഞ്ഞ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
‘‘സംസ്ഥാനത്ത് വർഗീയത ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാൻ പ്രതിപക്ഷം തീകൊണ്ടു കളിക്കുകയാണ്. സാമുദായിക സൗഹാർദത്തിനും സമാധാനത്തിനും സാഹോദര്യത്തിനും വഴികാട്ടിയ ഗുരുക്കൻമാരുടെയും സന്യാസിമാരുടെയും പ്രവാചകന്മാരുടെയും നാടാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സമൂഹത്തിൽ സമാധാനത്തോടെയും സാഹോദര്യത്തോടെയും പഞ്ചാബികൾ എപ്പോഴും പ്രവർത്തിച്ചിരുന്നു.”–അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കഷ്ടപ്പെട്ട് നേടിയെടുത്ത സമാധാനം സംരക്ഷിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ സമാധാനവും പുരോഗതിയും സമൃദ്ധിയും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭഗവന്ത് വ്യക്തമാക്കി. വ്യാഴാഴ്ച, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് സംസ്ഥാന ക്രമസമാധാന നിലയെപ്പറ്റി മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
കഴിഞ്ഞ മാസം, ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അമൃത്സർ ജില്ലയിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെയാണ് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേർ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടു. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പുകിട്ടിയതിനെ ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്.