അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാർ. ത്രിപുര തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും വോട്ടെടുപ്പ് പ്രഹസനം ആയി മാറിയെന്നും മണിക് സർക്കാർ പറഞ്ഞു. ത്രിപുരയിൽ തുടർച്ചയായി പരാജയപ്പെട്ട വിഷയത്തിൽ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പ്രകടനം പൂജ്യമാണെന്നത് അപ്രതീക്ഷിതമാണ്. ജനാധിപത്യം ആക്രമിക്കപ്പെട്ടതും സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനുള്ള വോട്ടർമാരുടെ അവകാശം കവർന്നെടുക്കപ്പെട്ടു. ഭരണഘടനാപരമായല്ല വോട്ടെടുപ്പ് നടക്കുന്നത്. അത് വെറും പ്രഹസനമായി മാറിയെന്നും മണിക് സർക്കാർ പറഞ്ഞു. കൂടാതെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനും ബിജെപിയെ നിരവധി ഘടകങ്ങൾ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാണ്. 60 ശതമാനം വോട്ടർമാരും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ സഹായിച്ചത് ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇത് വളരെ വ്യക്തമാണ്, പക്ഷേ ഒരു പാർട്ടിയുടെയും പേര് പരാമർശിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും മണിക് സർക്കാർ പറഞ്ഞു.
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തിയിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഏകദേശം 39 ശതമാനം വോട്ട് ഷെയറോടെയാണ് ബിജെപി 32 സീറ്റുകൾ നേടിയിട്ടുള്ളത്. കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബി ജെ പിക്കായി. ഗോത്രമേഖലകളിലെ തിപ്ര മോത്ത പാര്‍ട്ടിയുടെ ഉദയം വന്‍ വിജയം നേടുന്നതില്‍ നിന്ന് ബി ജെ പിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ്റ്റി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. 2018 ൽ 41 ശതമാനം വോട്ട് നേടിയ ബിജെപി 39 ശതമാനം വോട്ട് നേടി ഏതാണ്ട് സ്വാധീനം നിലനിറുത്തി. എന്നാൽ ഭരണത്തുടർച്ചയ്ക്കിടയിലും ബി ജെ പിക്ക് രണ്ട് കാര്യങ്ങളിൽ ക്ഷീണം സംഭവിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റതാണ് ബി ജെ പി സഖ്യത്തിനേറ്റ തിരിച്ചടി.