തൃശൂര്‍: വ്യാജവാര്‍ത്തകളുടെ ലോകത്ത് ബലിയാടാകുന്നത് സത്യമാണെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ വാക്കുകള്‍ പ്രസക്തമാവുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി. എന്തിന് സംഭവത്തെ മറച്ചുവക്കുന്നു. അത് പറയാന്‍ എന്താ ധൈര്യമില്ലാത്തത്. ഇന്നലെയും ഇന്നും അതിനെ കുറിച്ച് ഉത്തരം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നതുപോലെ ക്രിസ്ത്യാനികളുടെ പിന്തുണയോടെ കേരളത്തിലും അധികാരം പിടിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി നൂറോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിവേദനത്തോട് പ്രതികരിക്കാന്‍ തയ്യാറാകണം. രാജ്യത്തെങ്ങും വര്‍ധിച്ചുവരുന്ന, ക്രിസത്യാനികള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഒറ്റവാക്ക് മതിയെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്നുമാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്
പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയാണ് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്.മതപരിവര്‍ത്തനത്തെ പ്രോത്സഹിപ്പിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ക്രിസ്ത്യാനികളെ സംഘപരിവാര്‍ വേട്ടയാടുന്നത്. സൂക്ഷമമായി പരിശോധിച്ചാല്‍ 1951 ലെ സെന്‍സസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍. ഈ ജനസംഖ്യയില്‍ എന്ത് വര്‍ധനയാണ് 75 വര്‍ഷമായിട്ടും ഉണ്ടായിട്ടുള്ളത്.
തീര്‍ത്തും തെറ്റായ പ്രചാരണമാണ് ആര്‍എസ്എസും ബിജെപിയും നടത്തുന്നത്. ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നല്‍കുന്നതിനെ എതിര്‍ക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതായ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍ കമ്മീഷനെ സമീപിച്ച്, ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നല്‍കരുതെന്ന് ആവശ്യപ്പെടാന്‍ രണ്ട് ദിവസമായി ചേര്‍ന്ന ആര്‍എസ്എസ് ‘വിശ്വസംവദ് കേന്ദ്ര’ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയുടെ ഭാഗമാണ് ദളിത് വിഭാഗമെന്നും ജാതിവ്യവസ്ഥയില്ലെന്ന് പറയുന്ന ക്രിസ്ത്യാനികള്‍ക്ക് ദളിത് സംവരണം എന്തിനാണെന്നുമാണ് സംഘപരിവാറിന്റെ ചോദ്യം. ഈ ചോദ്യമെല്ലാം സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട പ്രകാരമുള്ളതാണ്.
മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടയ്ക്കും മുമ്പ് പാഠപുസ്തകങ്ങളും യുണിഫോമും 5 കിലോ അരിയും ഒന്നിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. പാഠപുസ്തകങ്ങള്‍ മുമ്പും നേരത്തേ നല്‍കാറുണ്ടെങ്കിലും യുണിഫോമും അരിയും വേനലവധിക്ക് മുമ്പ് നല്‍കുന്നത് ആദ്യമായാണ്. ഇതൊരു പുതിയ കാര്യമാണ്. കുട്ടികളോടും പൊതുവിദ്യാഭ്യാസ മേഖലയോടുമുള്ള കരുതലിന്റെ ഭാഗമാണ് ഈ നടപടി.പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ കരുത്തുറ്റതാക്കുന്ന നടപടികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതതെന്നും അദ്ദേഹം പറഞ്ഞു.